കണ്ണൂർ: ഷാർജയിൽ മകളെ സന്ദർശിച്ച് മടങ്ങിയെത്തിയ ഗൃഹനാഥൻ വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ കുഴഞ്ഞു വീണു മരിച്ചു. ചേലേരി കായച്ചിറയിലെ നജ്ലാസിൽ പി. അബ്ദുൾ ഖാദറാണ് (66) മരിച്ചത്. വീട്ടിൽ ഒറ്റയ്ക്കായിരുന്നു. മാർച്ച് 21ന് കണ്ണൂർ വിമാനത്താവളം വഴി തിരിച്ചെത്തിയ അദ്ദേഹം ആരോഗ്യവകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് നിരീക്ഷണത്തിലായത്. ശനിയാഴ്ച രാത്രി ഭക്ഷണം നല്കാൻ അടുത്ത വീട്ടിൽ താമസിക്കുന്ന മകളുടെ ഭർത്താവ് ചെന്നപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടത്. ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിച്ച് കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.ഫലം അറിഞ്ഞശേഷമേ മൃതദേഹം വിട്ടുനൽകൂ. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളതിനാൽ മരണകാരണം ഹൃദയാഘാതമാകാമെന്ന് കരുതുന്നു. മൃതദേഹം പരിയാരം ഗവ.മെഡി.കോളേജ് ആശുപത്രി മോർച്ചറിയിലാണ്. ഭാര്യ: സൈനബ. മക്കൾ: സുഹറാബി, സമീർ, നജ്ല, നഹ്‌ല. മരുമക്കൾ: ഫാറൂഖ്, അബ്ദുൾഖാദർ, ജാബിർ, ഫസീല. .