കണ്ണൂർ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച സമൂഹ അടുക്കള നടത്തിപ്പിൽ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവുമായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. നാരായണ നായ്ക്. അടുക്കള പ്രവർത്തിക്കുന്ന സ്ഥലത്ത് ശുചിത്വവും വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കണം. 6 മാസത്തിനുള്ളിൽ ഈയ്യം പൂശിയിട്ടില്ലാത്ത ചെമ്പുപാത്രങ്ങൾ ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കരുത്. ഉപയോഗിക്കുന്ന വെളളത്തിന്റെ ഉറവിടത്തെക്കുറിച്ച് അറിവുണ്ടായിരിക്കണം.

ഭക്ഷണം പാചകം ചെയ്യുന്നത് ഒരു നിശ്ചിത അംഗങ്ങളടങ്ങിയ ടീം ആയിരിക്കണം. കഴിവതും അത് അഞ്ചിൽ കൂടരുത്. ഇവരല്ലാതെ മറ്റാരും തന്നെ ഭക്ഷണം പാചകം ചെയ്യുന്ന പ്രവർത്തനത്തിൽ പങ്കാളികളാകരുത്. പാക്കിംഗിന് മറ്റൊരു ടീം ഉണ്ടായിരിക്കണം. ഭക്ഷണം വീടുകളിൽ എത്തിക്കുന്നതിനായും ടീമുണ്ടായിരിക്കണം. ഭക്ഷണം പാചകം ചെയ്യുന്നവരും വിളമ്പുന്നവരും വിതരണം നടത്തുന്നവരും മാസ്‌ക് ഉപയോഗിക്കണം. അസുഖമുളളവരെ ഭക്ഷണം പാചകം ചെയ്യുന്നതിനോ വിളമ്പുന്നതിനോ വിതരണത്തിനോ നിർത്തരുത്. പ്രവർത്തനത്തിൽ ഏർപ്പെടുന്നവർ സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് നല്കിയിരിക്കുന്നത്.