തൃക്കരിപ്പൂർ: ലോക് ഡൗൺ മൂലമുണ്ടായ നിയന്ത്രണങ്ങൾ കവ്വായി കായലിലെ കൂടുമത്സ്യകൃഷി കർഷകരെ ആശങ്കാകുലരാക്കുന്നു. വളർത്തു മത്സ്യങ്ങൾക്കുളള തീറ്റ ലഭ്യമല്ലാത്തതാണ് ഏറെ പ്രതീക്ഷാപൂർവം തുടങ്ങിയ ഈ സംരംഭത്തിന് മേൽ കരിനിഴൽ വീഴുന്നത്. സ്റ്റോക്ക് ചെയ്ത തീറ്റ തീർന്നതാണ് ഇവരുടെ ഉള്ളുലയ്ക്കുന്നത്.

വെള്ളാപ്പ്, ആയിറ്റി, ഇടയിലക്കാട് പുഴകളിൽ നിരവധി കർഷകർ മത്സ്യകൃഷിയിൽ ഏർപ്പെട്ടിട്ടുണ്ട്.ബാങ്കുകളിൽ നിന്നും മറ്റും വായ്പകൾ തരപ്പെടുത്തിയാണ് വലിയ ചിലവുള്ള മത്സ്യക്കൃഷി ഇവർ ആരംഭിച്ചത്.ഇതിൽ വ്യക്തികളും, കൂട്ടായ്മയും ഉൾപ്പെടും. കളാഞ്ചി, കരിമീൻ തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ കടലിലെ ടോളിംഗ് നിരോധിച്ചതോടെ പൊടിമീനുകൾ ലഭിക്കാത്തത് കളാഞ്ചി കൃഷിയെ അവതാളത്തിലാക്കുകയാണ്. കരിമീനിന് കൃത്രിമ ആഹാരമാണ് നൽകുന്നത്. ഇതും കിട്ടാതായതോടെ പ്രതിസന്ധി വർദ്ധിച്ചു. ഫിഷറീസ് വകുപ്പക്കമുള്ള ബന്ധപ്പെട്ട അധികൃതരുടെ അടിയന്തിര ഇടപെടൽ വേണമെന്നാണ് കർഷകരുടെ ആവശ്യം.

ബൈറ്റ്

വെള്ളാപ്പ് പുഴയിൽ മത്സ്യകൃഷി ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് തന്നെ ആയിരങ്ങൾ ചെലവായി.10 കൂടുകളിലായാണ് ഇവിടെ കളാഞ്ചിയും കരിമീനും കൃഷി ചെയ്യുന്നത്.15 പേരടങ്ങുന്ന ഒരു സംഘമാണ് ഞങ്ങളുടേത്. മൂന്നു മാസങ്ങൾക്ക് മുമ്പാണ് കൃഷി ഇറക്കിയത്. വിളവെടുപ്പ് സമയമടുക്കുമ്പോഴാണ് തീറ്റ പ്രശ്നം പ്രതികൂലമായിത്തീർന്നിട്ടുള്ളത്.വില കുറഞ്ഞ ചെറുമീനുകളാണ് കളാഞ്ചിക്ക് നൽകി വരുന്നത്. മത്സ്യ ബന്ധനം നിരോധിച്ചതോടെ അത് ലഭിക്കാതായി. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല​-തണൽ പുരുഷ സ്വയം സഹായ സംഘം പ്രവർത്തകർ