chaithra-

കാസർകോട്: അമേരിക്കയിൽ 45 മിനിറ്റിനകം കോറോണ രോഗം സ്ഥിരീകരിക്കാനുള്ള സംവിധാനത്തിന് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്‌ട്രേഷൻ (എഫ്.ഡി.എ) അംഗീകാരം നൽകിയപ്പോൾ കാസർകോടിനും അഭിമാനം. ഈ സംവിധാനം വികസിപ്പിച്ച സംഘത്തിലെ ഒരംഗം കാസർകോട് പെരിയ സ്വദേശി ചൈത്ര സതീശനാണ്. കാലിഫോർണിയയിലെ സെഫിഡ് കമ്പനിയിലെ ബയോ മെഡിക്കൽ എൻജിനീയറാണ് ചൈത്ര. കോൺഗ്രസ് നേതാവും പെരിയ സ്വദേശിയുമായ പി.ഗംഗാധരൻ നായരുടെ പേരമകളാണ് ചൈത്ര. നിലവിൽ അമേരിക്കയിൽ കോറോണ സ്ഥിരീകരിക്കാൻ ഒരു ദിവസത്തിലേറെയെടുക്കുന്നുണ്ട്. പുതിയ സംവിധാനത്തിലൂടെ രോഗികളെ വേഗത്തിൽ കണ്ടെത്താനും തുടക്കത്തിലേ ചികിത്സ ലഭ്യമാക്കാനും കഴിയുമെന്ന് അധികൃതർ പറയുന്നു. പരിശോധന നടത്താൻ പ്രത്യേക പരിശീലനമൊന്നും വേണ്ടെന്നും ഏതുസമയത്തും പ്രവർത്തിപ്പിക്കാൻ കഴിയുമെന്നും സെഫേയ്ഡ് കമ്പനി പ്രസിഡന്റ് വാറൻ കോക്‌മോണ്ട് പറയുന്നു. പരിശോധനയുടെ ചെലവ് കമ്പനി സൂചിപ്പിക്കുന്നില്ല. പി.ഗംഗാധരൻ നായരുടെ മൂത്ത മകൾ അമേരിക്കയിൽ ബാങ്ക് ഉദ്യോഗസ്ഥയായ ഷീജയുടെയും അവിടെ തന്നെ എൻജിനീയറായ പയ്യന്നൂർ സ്വദേശി സതീശന്റെയും മകളാണ് ചൈത്ര. വിദ്യാഭ്യാസ മികവിനു യു.എസ്. പ്രസിഡന്റിന്റെ അവാർഡ് നേടിയ ചൈത്ര കാലിഫോർണിയയിലെ യു.സി. ഡേവിസ് എൻജിനീയറിംഗ് കോളജിൽ നിന്നാണു ബയോമെഡിക്കൽ എൻജിനീയറിംഗ് പൂർത്തിയാക്കിയത്. സഹോദരൻ ഗൗതം യു.എസിൽ ബിരുദ വിദ്യാർത്ഥിയാണ്.