sayanora

കണ്ണൂർ: ഹലോ... കാൾ എടുത്തതും മറുതലയ്‌ക്കൽ നിന്ന് അവശ്യസാധനങ്ങളുടെ നീണ്ട ലിസ്റ്റ്. പറഞ്ഞതെല്ലാം എഴുതിയെടുത്ത് ഫോൺ വയ്ക്കുന്നതിനുമുമ്പ് സയനോര പറഞ്ഞു, ഇത് ഞാനാണ് ഗായിക സയനോര. മറുതലയ്‌ക്കൽ അദ്ഭുതം.

ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചതോടെ അവശ്യസാധന വിതരണത്തിന് ജില്ലാ പഞ്ചായത്തിൽ ആരംഭിച്ച കാൾ സെന്ററിൽ ഇന്നലെ കാൾ സ്വീകരിക്കാനും വിളിക്കുന്നവരോട് കുശലം പറയാനും ഗായിക സയനോര ഫിലിപ്പുമുണ്ടായിരുന്നു.

താവക്കര സ്വദേശിയായ രജനി രാജേന്ദ്രന്റേതായിരുന്നു ആദ്യ കാൾ. പാൽ, ഉരുളക്കിഴങ്ങ്, ഉള്ളി, നേന്ത്രപ്പഴം, ഹാൻഡ് വാഷ്, ഡിഷ് വാഷ് തുടങ്ങി പത്തോളം സാധനങ്ങൾ ആവശ്യപ്പെട്ടായിരുന്നു രജനിയുടെ വിളി. ഇതുപോലെ ഇരുനൂറിലേറെ പേരാണ് ജില്ലാപഞ്ചായത്തിന്റെ കാൾ സെന്ററിലേക്ക് വിളിച്ച് സാധനങ്ങൾ ആവശ്യപ്പെടുന്നത്.
ജില്ലാ പഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാൾ കേന്ദ്രീകരിച്ച് രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് കാൾ സെന്റർ പ്രവർത്തിക്കുന്നത്. കണ്ണൂർ നഗര പരിധിയിൽ താമസിക്കുന്നവർക്കാണ് ആദ്യ ഘട്ടത്തിൽ സാധനങ്ങൾ വിതരണം ചെയ്യുന്നത്.

ജില്ലാ ഭരണകൂടം, ജില്ലാപഞ്ചായത്ത്, കോർപ്പറേഷൻ, ജില്ലാ സ്‌പോർടസ് കൗൺസിൽ, യുവജനക്ഷേമ ബോർഡ്, നെഹ്റു യുവ കേന്ദ്ര, കുടുംബശ്രീ, വനിത ശിശു വികസന വകുപ്പ്, എൻ.സി.സി, എൻ.എസ്.എസ് ഉൾപ്പടെയുള്ള സന്നദ്ധ സംഘടനകൾ എന്നിവ ഏകോപിപ്പിച്ചാണ് സെന്ററിന്റെ പ്രവർത്തനം. സുപ്പർമാർക്കറ്റ് അസോസിയേഷന്റെ പങ്കാളിത്തവുമുണ്ട്.

ലിസ്റ്റ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തും. കമ്പോള വിലമാത്രമാണ് ഈടാക്കുക. പലവ്യഞ്ജനങ്ങൾ, പച്ചക്കറി, കുട്ടികളുടെ ഭക്ഷണങ്ങൾ, മരുന്നുകൾ എന്നിവ ലഭ്യമാക്കും. പരമാവധി ഒരാഴ്ചത്തേക്കു വേണ്ട സാധനങ്ങളാണ് എത്തിക്കുക. പാകം ചെയ്ത ഭക്ഷണം വേണമെങ്കിൽ കമ്മ്യൂണിറ്റി കിച്ചൺസെന്ററിൽനിന്ന് ലഭ്യമാക്കും.

10 വോളന്റിയർമാർ കാൾ സെന്ററിലുണ്ട്. ഡെലിവറിക്കായി അമ്പതോളം പേരുണ്ട്. മാസ്‌ക്, സാനിറ്റൈസർ, ഗ്ലൗസ് തുടങ്ങിയ സുരക്ഷ മാർഗങ്ങൾ ഉപയോഗിച്ചാവും ഡെലിവറി ബോയ്‌സ് വീടുകളിലെത്തുക. ഗൂഗിൾപേ വഴിയും നേരിട്ടും പണം നൽകാം. സെന്റർ നമ്പർ: 9400066016, 9400066017, 9400066018, 9400066019. മരുന്നുകൾക്ക് 9400066020. എസ് എം എസും ചെയ്യാം.