ഇരിട്ടി: ചുരം പാത വഴിയുള്ള ഗതാഗത നിരോധനം ഇരിട്ടിയുടെയും മലയോര മേഖലകളിലെയും പാചകവാതക വിതരണത്തെയും ബാധിച്ചു. രണ്ടു ദിവസമായി മേഖലയിലെ വിതരണം മുടങ്ങി. മൈസൂർ പ്ലാന്റിൽ നിന്നുമുള്ള പാചക വാതകമാണ് ഇരിട്ടി മേഖലയിലുള്ള പതിനൊന്നോളം ഏജൻസികളിൽ എത്തുന്നത്.

രണ്ടു ദിവസമായി ഇവിടെ കുടുങ്ങിക്കിടക്കുന്ന ലോറികൾ ചൊവ്വാഴ്ചയോടെ മുത്തങ്ങ വഴി എത്തും. ഇന്ന് ഗ്യാസ് വിതരണം നടക്കുമെങ്കിലും വണ്ടികൾ ഇനി മുത്തങ്ങ വഴി പോകില്ലെന്നാണ് പറയുന്നത്. അതിനാൽ തന്നെ ചേളാരി പ്ലാന്റിൽ നിന്നോ മറ്റോ പാചകവാതകം എത്തിച്ചില്ലെങ്കിൽ വിതരണം മുടങ്ങാനും അടുക്കളകളിൽ തീ അണയാനും ഇടയുണ്ട്.
മാക്കൂട്ടം പാത അടച്ചിട്ടത് പച്ചക്കറി വില വർദ്ധനവിനും ഇടയാക്കിയിട്ടുണ്ട്. ചരക്കുവാഹനങ്ങൾ ഇപ്പോൾ മാനന്തവാടി ബാവലി എച്ച്.ഡി കോട്ടവഴിയും, സുൽത്താൻ ബത്തേരി മുത്തങ്ങ വഴിയുമാണ് പോകുന്നത്. മാക്കൂട്ടം പാതയിൽ നിരോധനം തുടരുന്നതോടെ പ്രതിസന്ധി രൂക്ഷമാകാനാണിട.
അതേസമയം കൊറോണാ വൈറസ് ബാധയെ പ്രതിരോധിക്കാനായി കുടക് ജില്ലാ ഭരണകൂടം കുടകിലും നിരീക്ഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി രാവിലെ 6 മുതൽ 8 വരെ രണ്ടു മണിക്കൂർ മാത്രമാണ് കടകമ്പോളങ്ങൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്.