pa-hashmi-

മടിക്കൈ: കൊറോണ വ്യാപനത്തെ തുടർന്ന് സർക്കാർ ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ മടിക്കൈ ബങ്കളത്തെ മിടുക്കിയായ ചിത്രകാരി പി.എ ഹാഷ്മി വീട്ടിൽ വെറുതെയിരുന്നില്ല. വീടിന്റെ വരാന്ത ചിത്രശാലയാക്കി കുപ്പിയിലും ഗ്ലാസുകളിലും മനോഹരമായ വർണ്ണങ്ങൾ ചാലിച്ച് കൊറോണ കാലം ആസ്വദിക്കുകയാണ് ഹാഷ്മി. പ്രകൃതിയുടെ വശ്യതയും മനോഹാരിതയും കുപ്പികളിൽ ഈ കുഞ്ഞിക്കൈ കൊണ്ട് കോറിയിടുന്നത് നാട്ടുകാരിലും കൗതുകമുണർത്തുന്നു. ഫാബ്രിക് പെയിന്റും ഗ്ലാസ് പെയിന്റും ഉപയോഗിച്ചാണ് ഹാഷ്മിയുടെ ബ്രഷുകൾ കുപ്പിയിൽ ആകർഷകമായ ചായമിടുന്നത്. കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്‌ളാസ് വിദ്യാർത്ഥിനിയായ ഹാഷ്മി നാലിലും അഞ്ചിലും പഠിക്കുമ്പോൾ ചിത്രരചന ക്‌ളാസുകളിൽ പോയിരുന്നു. തുടർന്നാണ് ഗ്ലാസ് പെയിന്റിംഗ് സ്വായത്തമാക്കിയത്.

നിരവധി ചിത്ര രചന മത്സരങ്ങളിൽ പങ്കെടുത്തു സമ്മാനങ്ങളും നേടിയിട്ടുണ്ട്. പഠനത്തോടൊപ്പം ഒഴിവ് സമയങ്ങളെ ആഘോഷമാക്കാൻ ഗ്ലാസ് പെയിന്റിംഗ് തന്നെയാണ് ഹാഷ്മിയുടെ വിനോദം. കൊറോണ അവധിക്കാലത്ത് തന്നെ നിരവധി ചിത്രങ്ങളാണ് വരച്ചത്. സി.പി.എം മടിക്കൈ സൗത്ത് ലോക്കൽ സെക്രട്ടറി സി. പ്രകാശന്റെയും ഹൊസ്ദുർഗ് കോടതിയിലെ അഡീഷണൽ ഗവ. പ്ലീഡർ അശാലതയുടെയും മകളാണ് ഈ ചിത്രകാരി. ഹിർഷാൽ സഹോദരനാണ്.