കണ്ണൂർ​: കണ്ണൂരിലേക്ക് ഏറ്റവുമധികം ചരക്ക് എത്തുന്ന മാക്കൂട്ടം ചുരം അന്തർസംസ്ഥാന പാത തുറക്കാനാകില്ലെന്ന കർണാടക നിലപാട് പച്ചക്കറി വിലയെ സ്വാധീനിച്ചുതുടങ്ങി. കേരളത്തിന്റെ അഭ്യർത്ഥന അയൽക്കാർ ചെവിക്കൊള്ളാത്ത സാഹചര്യത്തിൽ കേന്ദ്രത്തിലാണ് പ്രതീക്ഷ വച്ചിരിക്കുന്നത്.

അതിർത്തിയിൽ ആംബുലൻസ് തടഞ്ഞുതിരിച്ചയച്ചതിനെ തുടർന്ന് രോഗി മരിക്കാനിടയായ സാഹചര്യത്തിൽ കർണാടക അടച്ച റോഡുകളെല്ലാം തുറക്കണമെന്ന് കാണിച്ച് ഇന്നലെയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്ത് നല്കിയിട്ടുണ്ട്. ചരക്കുനീക്കം സ്തംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച ഉച്ചയോടെയാണ് കൂട്ടുപുഴ പാലത്തിന് സമീപം മണ്ണിട്ട് കർണാടക അതിർത്തി അടച്ചത്. കാസർകോട്, കണ്ണൂർ ജില്ലകളിൽ കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പാത തുറക്കാനാവില്ലെന്ന നിലപാടാണ് മൈസൂരു, കുടക് മേഖലയിലെ ജനപ്രതിനിധികൾ സ്വീകരിക്കുന്നത്. ഇതാണ് കർണാടക സർക്കാരിന് മുന്നിലുള്ള തടസമെന്നാണ് അറിയുന്നത്. തുറന്നുകൊടുത്താൽ തന്നെ പാത ഉപരോധിക്കുമെന്ന തദ്ദേശീയരുടെ ഭീഷണിയും മുന്നിലുണ്ട്.

കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുമായി മുഖ്യമന്ത്രി ചർച്ച നടത്തിയെങ്കിലും ചരക്ക് നീക്കത്തിന് മംഗളൂരു- കാസർകോട്, മൈസൂരു- എച്ച്.ഡി കോട്ട- മാനന്തവാടി, ഗുണ്ടൽപേട്ട്- സുൽത്താൻബത്തേരി പാതകൾ ഉപയോഗിക്കാമെന്ന നിലപാടാണ് അദ്ദേഹം മുന്നോട്ടുവച്ചത്. കഴിഞ്ഞദിവസം മാക്കൂട്ടം പാതയിൽ കുടുങ്ങിയ ആവശ്യസാധനങ്ങളുമായി എത്തിയ ലോറികൾ വെള്ളവും ഭക്ഷണവുമില്ലാതെ മുത്തങ്ങ വഴി നൂറുകിലോമീറ്റർ അധികം സഞ്ചരിച്ചാണ് കേരളത്തിലെത്തിയത്. ചരക്കുനീക്കം പ്രതിസന്ധിയിലായതോടെ വിപണിയിൽ ഇന്ന് മുതൽ വിലക്കയറ്റമുണ്ടാകുമെന്നാണ് വ്യാപാരികൾ നല്കുന്ന സൂചന.

ചില പച്ചക്കറികളുടെ വില ഇതിനകം ഉയർന്നുകഴിഞ്ഞു. കഴിഞ്ഞദിവസം വരെ ഉള്ളിക്കും ഉരുളക്കിഴങ്ങിനും പാവയ്ക്കയ്ക്കും മാത്രമായിരുന്നു വിപണിയിൽ ക്ഷാമം നേരിട്ടിരുന്നത്. മഹാരാഷ്ട്രയിൽ നിന്ന് വരുന്ന ഉള്ളിവരവിന് ലോറികളുടെ ലഭ്യതക്കുറവാണ് പ്രശ്നം. അയൽസംസ്ഥാനങ്ങളിൽ മലയാളി ഡ്രൈവർമാരോടുള്ള പെരുമാറ്റം മോശമായതോടെ ഡ്രൈവർമാർ ലോറിയുമായി പോകാൻ തയ്യാറാകാത്ത സ്ഥിതിയാണുള്ളത്. ഇത് രൂക്ഷമായ വിലക്കയറ്റത്തിലേക്കാവും നയിക്കുകയെന്നും വ്യാപാരികൾ മുന്നറിയിപ്പ് നല്കുന്നു.

സാധാരണ 10 ടൺ, 12 ടൺ കപ്പാസിറ്റിയുള്ള ലോറികളിൽ പച്ചക്കറി കൊണ്ടുവരുന്ന വ്യാപാരികൾ ഇപ്പോൾ ചെറിയ വാഹനങ്ങൾക്ക് കടത്തുകൂലി ഇരട്ടിനല്കിയാണ് സാധനങ്ങളെത്തിക്കുന്നത്. ഇതിനിടയിലാണ് ചുരം റോഡിൽ കർണാടകയുടെ കടുംപിടുത്തം കൂടെ നേരിടേണ്ടിവന്നിരിക്കുന്നത്.