കണ്ണൂർ: ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര കഴിഞ്ഞദിവസം ഏത്തമിടീച്ചതിൽ കമ്മ്യൂണിറ്റി കിച്ചൺ സംഘാടകനും പെട്ടുവെന്ന് നാട്ടുകാർ. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാതെ കടവരാന്തയിൽ ഇരുന്ന നാട്ടുകാരെ എസ്.പി ഏത്തമിടീച്ച സംഭവം കഴിഞ്ഞദിവസം വിവാദമായിരുന്നു. അഴീക്കൽ ടിയാൻ ക്ളബ്, ബോട്ടുപാലം, വെള്ളക്കല്ല് എന്നീ മൂന്ന് സ്ഥലങ്ങളിലാണ് ഏത്തമിടീക്കൽ നടന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സൈക്കിളിൽ ഭക്ഷണം വേണ്ടവരുടെ കണക്കെടുത്ത് വരികയായിരുന്ന സന്നദ്ധപ്രവർത്തകൻ സൈക്കിൾ കടയുടെ അരികിൽ നിർത്തി വെള്ളം കുടിക്കാൻ കടയിൽ കയറിയത്. ഈസമയത്താണ് എസ്.പി ഇവിടെയെത്തിയത്. 100 തവണ ഏത്തമിടാനായിരുന്നു നിർദ്ദേശം. അഞ്ചുതവണ ചെയ്തശേഷം കാലിന് വേദനയുണ്ടെന്ന് പറഞ്ഞപ്പോൾ എസ്.പിയുടെ കൂടെയുണ്ടായിരുന്ന പൊലീസുകാരൻ പിന്നെയും ചെയ്യാൻ നിർബന്ധിച്ചു. പോകാനൊരുങ്ങുമ്പോൾ മറ്റൊരു പൊലീസുകാരൻ ലാത്തികൊണ്ട് മർദ്ദിച്ചതായും ആരോപണമുണ്ട്. സംഭവത്തിൽ ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചശേഷം നടപടിയെ കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.