lock-down-

കാസർകോട്: കർണ്ണാടക സർക്കാരിന്റെ പിടിവാശിക്കു മുമ്പിൽ കുടുങ്ങി പോയ 6000 ത്തോളം വരുന്ന ജനങ്ങൾക്ക് വനം വകുപ്പിന്റെ റോഡ് ഉപയോഗിക്കാൻ താത്കാലിക അനുമതി ലഭിച്ചതായി സി.പി.എം കാറഡുക്ക ഏരിയാ സെക്രട്ടറി സിജിമാത്യു അറിയിച്ചു. സംസ്ഥാന പാതയിൽ പരപ്പയിൽ നിന്നും ദേലംപാടിയിലേക്ക് ഫോറസ്റ്റ് റോഡ് നന്നാക്കി ഗതാഗതത്തിനായി ഉപയോഗിക്കും. താത്കാലികമായി ഈ റോഡ് നന്നാക്കുന്നതിനുള്ള അനുമതി ലഭിച്ചതായി സിജി അറിയിച്ചു. തിങ്കളാഴ്ച ദേലംപാടി പഞ്ചായത്തിന്റെയും, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും നേത്യത്വത്തിൽ റോഡ് നന്നാക്കും. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരൻ എന്നിവരുടെ സമയോചിതമായ ഇടപെടലുകൾ കൊണ്ടാണ് ഇത് സാധ്യമാക്കിയതെന്ന് സിജി പറഞ്ഞു.