ന്യൂമാഹി: കണ്ണൂർ ജില്ലാ അതിർത്തിയായ ന്യൂമാഹി ടൌണിലെ മത്സ്യ വില്പന മൂന്ന് ദിവസത്തേക്ക് നിരോധിച്ചതായി അധികൃതർ അറിയിച്ചു.ഇവിടത്തെ പച്ചക്കറിക്കടകൾ പ്രവർത്തിക്കും. ആളുകൾ കൂട്ടം കൂടിയെത്തുന്നത് ഒഴിവാക്കാനാണ് നിയന്ത്രണം.
ന്യൂമാഹിയിൽ സമൂഹ അടുക്കള തുടങ്ങി
ന്യൂമാഹി: കൊറോണ വൈറസ് രോഗം സംബന്ധിച്ച് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ന്യൂമാഹി പഞ്ചായത്തിലെ സമൂഹ അടുക്കള ഏടന്നൂരിൽ പ്രവർത്തനം തുടങ്ങി. ഏടന്നൂർ ശ്രീപദം കുടുംബശ്രീ അംഗങ്ങൾക്കാണ് അടുക്കളയുടെ ചുമതല.
ആശ്രയ പദ്ധതിയിലുള്ള കുടുംബങ്ങൾ, ഒറ്റപ്പെട്ട് താമസിക്കുന്നവർ, മറുനാടൻ തൊഴിലാളികൾ, അവശ്യവസ്തുക്കളുമായി പോകുന്ന ലോറികളിലെ ഡ്രൈവർമാർ എന്നിവർക്കാണ് ഭക്ഷണം നൽകുന്നത്. 115 പേർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു.
ഏടന്നൂർ ശ്രീനാരായണ മഠത്തിൽ തുടങ്ങിയ അടുക്കളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ.വി.ചന്ദ്രദാസൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കെ.റീജ, സ്ഥിരം സമിതി അദ്ധ്യക്ഷ എ.കെ.അനിത, വാർഡംഗം കെ. പ്രീജ, സെക്രട്ടറി കെ.വി.പത്മനാഭൻ, സി.ഡി.എസ് അധ്യക്ഷ കെ.പി.ലീല, അസി.സെക്രട്ടറി പി.വി.നിഷ, സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.
രോഗികൾക്ക് വീഡിയോ മുഖാമുഖത്തിന് സംവിധാനം
ന്യൂമാഹി : വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വീഡിയോ മുഖാമുഖത്തിലൂടെ രോഗം സംബന്ധിച്ചു .സംശയ നിവൃത്തി വരുത്താനും ഉപദേശം തേടാനും ന്യൂമാഹി പ്രാഥമികരോഗ്യ കേന്ദ്രം സംവിധാനം ഒരുക്കി. മെഡിക്കൽ ഓഫീസർ ഡോക്ടർ സജിത്ത് പ്രസാദുമായി വീഡിയോകളിലൂടെ സംസാരിക്കാം.
വാഗ്ദാനങ്ങൾ നടപ്പായില്ല ; ആശങ്ക മാറാതെ മയ്യഴി
ചാലക്കര പുരുഷു
മാഹി: കേന്ദ്ര-കേരള സർക്കാറുകൾ കൊറോണ വ്യാപനം തടയാൻ യുദ്ധസമാന നടപടികളിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റുമ്പോൾ കേന്ദ്ര ഭരണ പ്രദേശമായ മാഹി വേണ്ടത്ര മുൻകരുതലില്ലാതെ വിഷയം ലഘൂകരിക്കുന്നു. കേരളതതിലെ ഒരു ചെറിയ പഞ്ചായത്തിന്റെ വലുപ്പം പോലുമില്ലാത്ത ഇവിടെ റീജിയണൽ അഡ്മിനിസ്‌ട്രേറ്ററും സ്‌പെഷ്യൽ ഓഫീസറും രണ്ട്പൊലീസ് സൂപ്രണ്ടുമാരും എക്സിക്യൂട്ടീവ് എൻജിനീയറുമടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലം എം.എൽ.എയുമടക്കമുള്ള ഉന്നത സമിതി അവലോകനയോഗം ചേരുന്നുണ്ടെങ്കിലും കാര്യങ്ങളൊന്നും വേണ്ടവിധത്തിൽ നടക്കുന്നില്ല.
ഉദ്യോഗസ്ഥരിൽ മിക്കവർക്കും നാടിനെക്കുറിച്ച് ധാരണയോ, ഭാഷയോ അറിയില്ല. ആദ്യം കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട ഇവിടെ സംസ്ഥാന സർക്കാർ ഒരു കോടിയുടെ സ്‌പെഷ്യൽ പാക്കേജ് പ്രഖ്യാപിച്ചിരുന്നു..ഓരോ റേഷൻ കാർഡുടമയുടെ ബാങ്ക് അക്കൗണ്ടിലും രണ്ടായിരം രൂപ വീതം നിക്ഷേപിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മരുന്ന് വാങ്ങാൻ എം പി.ഫണ്ട് അനുവദിച്ചു.
നിരീക്ഷണത്തിൽ വീടുകളിൽ കഴിയുന്നവർക്കെല്ലാം മുടക്കമില്ലാതെ ഭക്ഷ്യവസ്തുക്കൾ വീടുകളിൽ എത്തിക്കുമെന്ന ഉന്നതാധികാര സമിതിയുടെ തീരുമാനം രണ്ടാഴ്ച കഴിഞ്ഞിട്ടും നടപ്പായില്ല. ഇപ്പോൾ അഞ്ഞൂറിലേറെ പേർ നിരീക്ഷണത്തിൽ ഇവിടെ കഴിയുന്നുണ്ട്.മയ്യഴിയാകെ വീടുകളിൽ തളയ്ക്കപ്പെട്ട സ്ഥിതിയാണ്. .വീടിന് പുറത്തിറങ്ങിയ 19 പേർ അറസ്റ്റിലാകുകയും 20 വാഹനങ്ങൾ കസ്റ്റഡിയിലാകുകയും ചെയ്തു. സർക്കാരിനെ ജനം അനുസരിച്ചെങ്കിലും ഒരു കോടിയുടെ പാക്കേജ് ഇതുവരെ നടപ്പാക്കപ്പെട്ടില്ല.
അഴിയൂർ ഗ്രാമപഞ്ചായത്തിൽ തെരുവിലലയുന്ന പട്ടികൾക്കും പൂച്ചകൾക്കും ഭക്ഷണം വിതരണം ചെയ്യുമ്പോഴാണ് ചേർന്നുനിൽക്കുന്ന മാഹിയിൽ ഈ സ്ഥിതി.
മാരകരോഗങ്ങളുമായി വീടുകളിൽ കഴിയുന്ന 250 ലേറെ മാറാരോഗികളുണ്ട് മയ്യഴിയിൽ .വൃക്ക, കാൻസർ, ഹൃദയ രോഗികളായ അവർക്ക് മരുന്ന് വാങ്ങാൻ തന്നെ ഭീമമായ സംഖ്യ വേണം. ചുറ്റുവട്ടത്തൊന്നും മരുന്ന് കിട്ടുകയുമില്ല. ഒറ്റപ്പെട്ട് ജീവിക്കുന്ന വൃദ്ധജനങ്ങളുണ്ട്. ഇവരുടെ കാര്യങ്ങൾ അന്വേഷിക്കുന്ന കാര്യത്തിലും ഭരണകൂടം പരാജയപ്പെട്ടു നിൽക്കുകയാണ്.
ജാഗ്രതാസമിതിയില്ല
കേരളത്തിൽ മന്ത്രിസഭയുടെ തീരുമാനം നടപ്പിലാക്കാൻ വാർഡ് തല ജാഗ്രതാസമിതികൾ പ്രവർത്തിക്കുമ്പോൾ മാഹിയിൽ ഇത്തരം സംവിധാനങ്ങളില്ല. വർഷങ്ങളായി തെരഞ്ഞെടുപ്പ് നടക്കാത്തതിനാൽ ഉദ്യോഗസ്ഥ ഭരണമാണ് മുനിസിപ്പാലിറ്റിയിൽ. ഏറ്റവും ഒടുവിലുണ്ടായിരുന്ന ഭരണസമിതിയിലെ കൗൺസിലർമാരെ ഉപയോഗിച്ചാണ് വാർഡുകളുടെ കാര്യം നടത്തിച്ചിരുന്നത്. ബൂത്ത് ലവൽ ഓഫീസർമാർ, അതാത് വാർഡുകളിലെ പുരുഷന്മാരായ ഉദ്യോഗസ്ഥർ, റസിഡൻസ് അസോസിയേഷനുകൾ, ജീവകാരുണ്യ സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ സ്‌ക്വാഡുകൾ ഉണ്ടാക്കി താഴെത്തട്ടിലെ സ്ഥിതി പരിശോധിക്കാൻ സാധിക്കുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മയ്യഴിയിൽ ആവശ്യവസ്തുക്കൾ വിറ്റഴിക്കുന്ന കടകളുടെ എണ്ണം നന്നേ പരിമിതമാണ്. ഇവയിൽ മിക്കതിലും സ്റ്റോക്ക് ഇല്ലാത്ത അവസ്ഥയാണ്.