corona-

കാസർകോട്: എറ്റവും കൂടുതൽ കൊറോണ കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കാസർകോട്ട്, ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിൽ വിഴ്ച സംഭവിച്ചതിനെ തുടർന്ന് അവയെല്ലാം പരിഹരിക്കാൻ സർക്കാർ ജില്ലയിലേക്ക് അയച്ച ഗവൺമെന്റ് പ്രിൻസിപ്പൽ സെക്രട്ടറി അൽകേഷ് കുമാർ ശർമ്മ ചുമതല ഏറ്റെടുത്തു. ജില്ലാ ഭരണകൂടത്തിനടക്കം കൊറോണ വിഷയം കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചതാണ് ജില്ലയിൽ രോഗം പടരാൻ കാരണമായതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗവൺമെന്റ് സെക്രട്ടറിക്ക് മേൽനോട്ട ചുമതല നൽകിയതത്രേ.

കർണ്ണാടക അതിർത്തി തുറക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കൊറോണ രോഗബാധിതരുടെ എണ്ണം കുതിച്ചുയർന്നതും വലിയ ആശങ്കയ്ക്കാണ് വഴിവച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിയമനം. ജില്ലയിൽ നിന്നുള്ള രോഗികൾക്ക് അവർ ഇത്ര നാളും ആശ്രയിച്ചിരുന്ന മംഗലാപുരത്തെ ആശുപത്രികളിലേക്ക് പോകാൻ സാധിക്കാത്തതാണ് വെല്ലുവിളി. മഞ്ചേശ്വരം ഉദ്യാവാറിൽ കർണ്ണാടക സ്വദേശിനിയായ 75 കാരി മരിച്ചത് കർണാടക പൊലീസ് ഇവരെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കടത്തിവിടാൻ വിസമ്മതിച്ചത് കൊണ്ടാണ്. അതിന് മുമ്പാണ് ആസ്മ രോഗിയും മരിച്ചത്. ജില്ലയിൽ ആദ്യ കൊറോണ സ്ഥിരികരിച്ചപ്പോൾ തന്നെ പ്രതിരോധത്തിനായി കർശന നടപടിയെടുക്കാൻ ആരോഗ്യ മന്ത്രി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ജില്ലാ ഭരണ കൂടത്തിന്റെ കീഴിൽ സിവിൽ സ്റ്റേഷനിൽ ആരംഭിച്ച കൺട്രോൾ റൂമിന്റെ പ്രവർത്തനത്തിലും ഗുരുതരമായ വിഴ്ച സംഭവിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് എല്ലായിടത്തും ഒരു ഡപ്യൂട്ടി കളക്ടർ അല്ലെങ്കിൽ താഹസിൽദാർ തലത്തിലുള്ള ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ എറ്റവും കൂടുതൽ കേസുകളുള്ള കാസർകോട് എയ്ഡഡ് സ്കൂളിലെ അറബി അദ്ധ്യാപകരുടേയും ചില കമ്പ്യൂട്ടർ വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ കൺട്രോൾ റൂം കൈകാര്യം ചെയ്യാൻ ഏൽപ്പിച്ചത് വിവാദമായിരുന്നു. കൺട്രോൾ റൂമിൽ മൂന്ന് ഫോണുകൾ ഉണ്ടായിട്ടും ആർക്കും വിളിച്ചാൽ കിട്ടുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

കൊറോണ നിരീക്ഷണ ആശുപത്രിയായി പ്രഖ്യാപിച്ച കാസർകോട് ജനറൽ ആശുപത്രിയിലെ വാർഡ് വൃത്തി ഹിനമായതിനെ തുടർന്ന് ആശുപത്രി സൂപ്രണ്ടിനെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. വാർഡിൽ കൂറയും പൂച്ചയുമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഒറ്റപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കുന്ന ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ കഴിഞ്ഞ ദിവസങ്ങളിൽ കളക്ടർ ഇടപെട്ട് തടഞ്ഞിരുന്നു. ഇതിനെതിരെ ചില ഭരണപക്ഷ സംഘടനകൾ കളക്ടർക്കെതിരെ ഫേസ് ബുക്കിൽ പ്രതികരിച്ചിരുന്നു. ഇതേ തുടർന്നാണ് അതൃപ്‌തി പ്രകടിപ്പിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയം ഗൗരവത്തിൽ കൈകാര്യം ചെയ്തത്. കളക്ടറുമായി ഒത്തു പോകാനുള്ള ചില ഉന്നത ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടിനും അന്തർസംസ്ഥാന പാത തുറക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും സ്‌പെഷ്യൽ ഓഫീസറുടെ നിയമനം പ്രയോജനം ഉണ്ടാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.