കണ്ണൂർ: കൊറോണ വൈറസ് വ്യാപനത്തിൽ ആശങ്ക ഒഴിയാതെ കാസർകോടും കണ്ണൂരും. കാസർകോട് ജില്ലയിൽ 89 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ഐസൊലോഷനിൽ പ്രവേശിപ്പിച്ച 10 പേർ ഉൾപ്പെടെ 202 ആളുകളുടെ സ്രവ പരിശോധന ഫലം ലഭിക്കാനുണ്ട്. നല്ലൊരു ഭാഗം പരിശോധന ഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 202 പേരുടെ ഫലം അറിഞ്ഞതിന് ശേഷം മാത്രമേ സാമൂഹ്യ വ്യാപനത്തെ കുറിച്ച് എന്തെങ്കിലും സ്ഥിരീകരിക്കാൻ കഴിയൂ എന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.
അതിനിടെ പെരിയയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർവ്വകലാശാലയിൽ വൈറോളജി ലാബ് തുടങ്ങാനുള്ള അനുമതി ലഭിച്ചത് വലിയൊരു ആശ്വാസമായിട്ടുണ്ട്. ഇന്നുതന്നെ പരീക്ഷണാടിസ്ഥാനത്തിലുള്ള പരിശോധന നടക്കും. ഒരുസമയം 35 പേരുടെ സ്രവ പരിശോധന ഇവിടെ നടത്താൻ കഴിയും. 8 മണിക്കൂറുള്ള 3 ഷിഫ്റ്റുകളിലായി 105 ആളുകളുടെ സ്രവ പരിശോധന പ്രതിദിനം കേന്ദ്ര സർവ്വകലാശാലയിലെ വൈറോളജി ലാബിൽനിന്ന് പുറത്തുവരും. ഇപ്പോൾ കോഴിക്കോടുള്ള വൈറോളജി ലാബിലാണ് പരിശോധന നടക്കുന്നത്. മലബാർ മേഖലയിലെ ജില്ലകളിലെ പരിശോധന നടക്കുന്നത് കോഴിക്കോട്ടെ ലാബിൽ വച്ചാണ്. നേരത്തെ തൃശൂരിലെ ലാബിനെ ആയിരുന്നു ആശ്രയിച്ചിരുന്നത്.
കാസർകോട് ജില്ലയിൽ ഇപ്പോൾ 89 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 7042 ആളുകൾ നിരീക്ഷണത്തിലാണ്. ഇതിൽ 6915 പേർവീടുകളിലും 127 ആശുപത്രികളിലും നിരീക്ഷണത്തിലാണ്. കാസർകോട് ജനറൽ ആശുപത്രി, മറ്റൊരു സ്വകാര്യ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, വേറൊരു സ്വകാര്യ ആശുപത്രി, കേന്ദ്ര സർവ്വകലാശാലയായി പ്രവർത്തിച്ചിരുന്ന പടന്നക്കാട്ടെ കെട്ടിടം (ഇവിടെ 80 പേരെ പ്രവേശിപ്പിക്കാൻ കഴിയും) എന്നിവയാണ് കൊറോണ രോഗികൾക്കായി സജ്ജീകരിച്ചിട്ടുള്ളത്.
കണ്ണൂർ ജില്ലയിൽ 34 രോഗികളാണ് ചികിത്സയിലുള്ളത്. 10,448 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 10,660 പേർ വീടുകളിലും 88 ആളുകൾ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലുള്ള 95 ആളുകളുടെ സ്രവ പരിശോധന റിപ്പോർട്ട് ലഭിക്കാനുണ്ട്. ഇത് ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കൊറോണ ആശുപത്രി ആയി മാറ്റിയിട്ടുണ്ട്. കൂടാതെ കണ്ണൂർ ജില്ലാ ആശുപത്രിയിലും തലശ്ശേരി ജനറൽ ആശുപത്രിയിലും കൊറോണ ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്നലെ പുറത്തുവന്ന പരിശോധനാ ഫലം കണ്ണൂരിനെ സംബന്ധിച്ച് ആശ്വാസമല്ല ഉളവാക്കിയത്. 20 പേരിൽ 8 ആളുകളും കണ്ണൂരിലുള്ളവരാണ്. മലബാറിലെ ജില്ലകളിൽ കാസർകോടും കണ്ണൂരുമാണ് രോഗികളുടെ എണ്ണം ഏറി വരുന്നത്. കോഴിക്കോട് 9 പേർക്ക് രോഗം സ്ഥിരീകരിച്ചു. 10,762 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 21 പേർ ആശുപത്രിയിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. മലപ്പുറം ജില്ലയിൽ 9 ആളുകൾക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 11,625 ആളുകൾ നിരീക്ഷണത്തിലാണ്. ഇതിൽ 82 പേർ ആശുപത്രിയിലും 11,543ആളുകൾ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. വയനാട് ജില്ലയിൽ മാത്രമാണ് അൽപമെങ്കിലും ആശ്വാസം നൽകുന്നത്. ഇവിടെ ഒരാൾക്ക് മാത്രമെ രോഗം സ്ഥിരീകരിച്ചിട്ടുള്ളു. 8 പേർ ആശുപത്രിയിലും 6728 ആളുകൾ വീടുകളിലും നിരീക്ഷണത്തിലാണ്.