detal

കണ്ണൂർ: ശരീര ശ്രവങ്ങളിലൂടെ കൊറോണ വ്യാപനം ഉണ്ടാകുമെന്ന ആശങ്കയിൽ സ്വകാര്യ ദന്ത ചികിത്സാ ക്ലിനിക്കുകൾ താഴിട്ട് മുങ്ങിയതോടെ ആശ്വാസമാകുന്നത് സർക്കാർ ആശുപത്രികൾ മാത്രം. അടിയന്തിര ദന്തൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്കാണ് അവശ്യമായ സേവനങ്ങൾ നൽകി ജില്ലാ ആശുപത്രിയിലെ ദന്തൽ വിഭാഗം ആശ്വാസമാകുന്നത്. ഒഴിച്ചു കൂടാനാകാത്ത അടിയന്തിര ശസ്ത്രക്രിയ ഉൾപ്പെടെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ തുടരുകയാണ്. കലശലായ പല്ല് വേദനയും മോണ വീക്കവുമായി എത്തുന്നവർക്കും പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്.


പി.പി.ഇ കിറ്റുകൾ ഉൾപ്പെടെയുള്ള എല്ലാ മുൻകരുതലും എടുത്താണ് ചികിത്സ നടത്തുന്നത്. ദന്ത ചികിത്സയ്ക്കായി ആരോഗ്യ വകുപ്പ് പ്രത്യേകം മാനദണ്ഡങ്ങളിറക്കിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി അസിസ്റ്റൻസ് ദന്തൽ സർജൻ ഡോ. പ്രജിൻ നാരായണൻ, സീനിയർ ദന്തൽ ഹൈജീനിസ്റ്റ് കെ. അജയ് കുമാർ, നഴ്‌സിംഗ് അസിസ്റ്റൻസ് ബാലകൃഷ്ണൻ എന്നിവർക്കാണ് ചുമതല. ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ രാജീവനും പിന്തുണയുമായുണ്ട്.

സ്വകാര്യ ദന്തൽ ചികിത്സാ രംഗം രോഗികളെ പരമാവധി പിഴിയുമ്പോഴാണ് ജില്ലാ ആശുപത്രിയിൽ മാതൃകാ പരമായി പ്രവർത്തനം കാലങ്ങളായി തുടരുന്നത്. മുൻപ് മംഗൂരുവിലെ മെഡിക്കൽ കോളേജിലേക്ക് ഓടിയിരുന്നവരെല്ലാം ഇന്ന് ഇവിടേക്ക് എത്തുന്നുണ്ട്. അത്യാധുനിക ഉപകരണങ്ങളുംചികിത്സയും ഇന്ന് ഇവിടെയുണ്ട്. സ്വകാര്യ മേഖലയോട് കിടപിടിക്കുന്ന മികച്ച ജീവനക്കാരും ഉള്ളത് ആശ്വാസമാണെന്ന് രോഗികൾ പറയുന്നു.