കാസർകോട്: അതിർത്തികൾ തുറക്കാതെ കേരളത്തെ ലോക്ക് ഡൗണിലാക്കി കർണാടകയുടെ വെല്ലുവിളി തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചത് പ്രകാരം കേന്ദ്രസർക്കാരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇടപെട്ടിട്ടും കേരളത്തിന്റെ അതിർത്തികൾ തുറന്നു കൊടുക്കില്ലെന്ന വാശിയിലാണ് കർണാടക പൊലീസും ആരോഗ്യവകുപ്പും. തലപ്പാടി ദേശീയപാതയും സുള്യ, മടിക്കേരി അന്തർ സംസ്ഥാന പാതകളും ഉൾപ്പെടെ കാസർകോട് ജില്ലയിലെ 24 വഴികൾ കർണാടക അടച്ചിട്ടു.
കണ്ണൂർ ജില്ലയിലെ തലശ്ശേരി കൂർഗ്, കൂട്ടുപുഴ ഉൾപ്പെടെയുള്ള അന്തർ സംസ്ഥാന പാതകളും അടച്ചുപൂട്ടിയതോടെ ചികിത്സ കിട്ടാതെ മരിക്കുന്ന രോഗികളുടെ എണ്ണം കൂടുകയും പച്ചക്കറി ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ വടക്കൻ കേരളത്തിന് ലഭിക്കാതെ പോവുകയും ചെയ്യുകയാണ്. ബാരിക്കേഡുകളും മുളകളും വച്ച് അതിർത്തികൾ അടക്കുന്നതിനു പകരം മണ്ണിട്ട് റോഡുകൾ അടച്ച കർണാടകയുടെ നടപടി ഏറെ വിവാദമായിരുന്നു. സംസ്ഥാനങ്ങൾ തമ്മിലുള്ള അന്തർസംസ്ഥാന ഉടമ്പടികളുടെ നഗ്നമായ ലംഘനമാണ് കർണാടകയുടെ ഭാഗത്തുനിന്നും ഉണ്ടായത്. കർണാടകയുടെ ഈ നടപടി അവസാനിപ്പിക്കണമെന്ന് ശക്തമായ ഭാഷയിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും ഒരു കുലുക്കവും ഇല്ലാത്ത നിലപാട് തുടരുകയാണ് കർണാടക സർക്കാർ.
കർണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ മുൻകൈയെടുത്ത് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ കേരള അതിർത്തികൾ തുറക്കില്ലെന്ന തീരുമാനമെടുത്ത് പിരിഞ്ഞത് ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. കാസർകോട് ജില്ലയിൽ കൂടുതൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ഭീതിയിലായ കർണ്ണാടകയിലെ ജനങ്ങളുടെ പ്രതിഷേധം ശക്തമായതാണ് അതിർത്തികൾ തുറക്കുന്നതിന് സർക്കാർ ഭയക്കുന്നത്. ദക്ഷിണ കന്നഡയിലെ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും എം.പിമാരും എല്ലാം അതിർത്തി റോഡുകൾ തുറക്കരുതെന്ന വാദഗതിക്കാരാണ്. പ്രശ്നത്തിൽ ഇടപെട്ടു പരിഹാരം കാണാമെന്ന് ഉറപ്പുനൽകിയിരുന്ന കർണാടകത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയും ഇപ്പോൾ മൗനത്തിലാണ്. ബി.ജെ.പി കർണാടക സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടിൽ കേരളത്തിന് അനുകൂലമായ നിലപാട് എടുത്തെങ്കിലും ഫലമുണ്ടായില്ല. കേരളത്തിൽ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് മംഗളൂരുവിലെ വിവിധ ആശുപത്രി മാനേജ്മെന്റുകൾ. കേരളത്തിലേക്ക് പച്ചക്കറികളും അത്യാവശ്യ സാധനങ്ങളും കൊണ്ടുവരുന്നതിന് ക്ഷാമം നേരിട്ടതോടെ കണ്ണൂർ, കാസർകോട് ജില്ലകളിൽ പച്ചക്കറി വില കുതിച്ചുയരുകയാണ്.
കടകളിൽ ഒന്നും വിൽപ്പനക്കായി പച്ചക്കറികൾ എത്തുന്നില്ല. ആദ്യഘട്ടത്തിൽ വിൽപ്പനക്കായി കൊണ്ടുവന്നിരുന്ന നാടൻ പച്ചക്കറികളും വിറ്റ് തീർന്നു കഴിഞ്ഞു. ദക്ഷിണ കർണാടകയിൽ നിന്നാണ് കാസർകോട് ജില്ലയിലേക്ക് പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും വരുന്നത്. ഇതെല്ലാം നിലച്ചതോടെ കടകളിൽ നിത്യോപയോഗ സാധനങ്ങൾക്ക് വലിയ ക്ഷാമമാണ് നേരിടുന്നത്. കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നും സാധനങ്ങൾ കൊണ്ടുവരുന്ന ചരക്കുലോറികൾ കർണാടകയിലെ അതിർത്തികളിൽ നിർത്തിയിട്ടിരിക്കുകയാണ്. ഒരു വാഹനവും അതിർത്തി കടത്തി വിടില്ല എന്ന് ശക്തമായ നിലപാടിലാണ് കർണാടക സർക്കാർ. അതിർത്തികളിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചാണ് അടച്ചുപൂട്ടൽ. കേരളത്തെ പട്ടിണിക്കിടാനുള്ള കർണാടകയുടെ ശ്രമത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. അതിർത്തി അടച്ച് യാത്രയും ചികിത്സയും നിഷേധിക്കപ്പെട്ടതോടെ രണ്ടുപേർ മരിച്ചു. ഗർഭിണിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു. ഗുരുതര രോഗം ബാധിച്ച നിരവധി മലയാളികൾ വീടുകളിൽ ചികിത്സ കാത്ത് കഴിയുകയാണ്.