കണ്ണൂർ: കൊറോണ ഭീതിയിൽ നാടും നഗരവും പരിഭ്രമിച്ചിരിക്കുമ്പോഴും കണ്ണൂരിന്റെ എം.പി കെ. സുധാകരന്റെ ഓഫീസിന് വിശ്രമമില്ല. കണ്ണൂരിലെയും ഡൽഹിയിലെയും ഓഫീസുകൾ കേന്ദ്രീകരിച്ച് അടിയന്തര വിഷയങ്ങളിലെല്ലാം ഇടപെടൽ സജീവമാക്കുകയാണ്. ഓരോ ദിവസവും ആയിരത്തോളം ഫോൺ കോളുകളാണ് ഇവിടേക്ക് എത്തുന്നത്. പലതിനും പൂർണ്ണമായി പരിഹാരം കാണാൻ സാധിക്കുന്നില്ലെങ്കിലും ഒരു പരിധിവരെ കൈത്താങ്ങാകാനുള്ള ഇടപെടലാണ് നടത്തുന്നത്.

കോലാംലംപൂരിലടക്കം കുടുങ്ങിയവരെ നാട്ടിൽ കൊണ്ടുവരാനുള്ള വിഷയത്തിലടക്കം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതോടൊപ്പം കണ്ണൂരിലെ ഫൈബർ ഫോം സമരം തീർക്കാൻ തൊഴിലാളികൾക്ക് സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടറെയും സമീപിച്ചു. തെയ്യം കലാകാരന്മാർക്ക് പാക്കേജ് എന്ന ആവശ്യത്തിനും കത്തയച്ചിട്ടുണ്ട്. കൊറോണ വ്യാപന കാലത്ത് പ്രവർത്തിച്ചിരുന്ന കക്കാട്ടെ സ്പിന്നിംഗ് മിൽ പൂട്ടാൻ ആവശ്യപ്പെട്ട് ടെക്സ്റ്റൈൽ മന്ത്രിയ്ക്ക് കത്തയച്ചതും സുധാകരന്റെ ഇടപെടലിലാണ്.

പ്രതിസന്ധി പരിഹരിക്കാൻ എം.പി ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചതിന് പുറമേ 5500 ലക്ഷം ചെലവഴിക്കാൻ ഭരണാനുമതി കാത്ത് നിൽക്കുകയാണ്. സഹായം അഭ്യർത്ഥിച്ച് ഇതര സംസ്ഥാനത്തെ മലയാളികൾ വിളിക്കുമ്പോൾ അവിടത്തെ ചീഫ് സെക്രട്ടറിമാരെയും ജില്ലാ പൊലീസ് സൂപ്രണ്ട്മാരെയും നേരിൽ വിളിക്കുന്നുമുണ്ട്. ഭക്ഷണത്തിന് പ്രതിസന്ധി ഉണ്ടാകുമ്പോൾ അവിടത്തെ മലയാളി സമാജത്തെ ബന്ധപ്പെട്ടും പരിഹാരം കാണുന്നു. പരമാവധി ഫോണുകൾ എടുത്ത് പരിഹാരം കാണണമെന്നാണ് ഓഫീസിലെ ജീവനക്കാർക്ക് എം.പി നൽകിയ നിർദ്ദേശം. രാത്രി വൈകും വരെ ഓഫീസ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുമ്പോൾ തന്നെ ദിവസം മുഴുവൻ പ്രവർത്തിക്കാനും നിർദ്ദേശിക്കാൻ നൽകിയിട്ടുണ്ട്.