cm

കണ്ണൂർ: കൊറോണയുടെ പശ്ചാത്തലത്തിൽ സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്ന ഫോൺ വിളികൾക്ക് കയ്യും കണക്കുമില്ല. വിദേശത്തേക്കാളേറെ ഫോൺ കാളുകൾ എത്തുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്. മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നാണ് കാളുകൾ ഏറെയും. ലോക്ക്ഡൗൺ നീണ്ടുപോയാൽ ഭക്ഷണം ലഭിക്കില്ലെന്ന് ഭയന്നാണ് വിളികൾ. മലയാളികൾ ആയതിനാൽ ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങി കടയിൽ പോയാൽ പൊലീസും നാട്ടുകാരും മർദ്ദിക്കുമെന്ന് ഇവരുടെ പേടി. അതേസമയം സംസ്ഥാന സർക്കാർ നിസഹായരായ കാഴ്ചക്കാരായിട്ടുണ്ട്.

കേരളത്തിൽ അതിഥി തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്നതിനാൽ അവർക്ക് ഒറ്റപ്പെടൽ അനുഭവപ്പെടുന്നില്ല. എന്നാൽ വിവിധ സംസ്ഥാനങ്ങളിൽ പലവിധ ജോലികളിലായി ചിതറി കഴിയുന്ന മലയാളികളിൽ പലരും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒന്നിലധികം സംസ്ഥാനങ്ങളിൽ നിന്നും വരേണ്ടവരിൽ ചിലർ വാഹനങ്ങൾ അയച്ച് തരാൻ ആവശ്യപ്പെടുന്നു. തങ്ങളുടെ വാഹനത്തിൽ വരുമ്പോൾ പൊലീസ് സംരക്ഷണം ഉറപ്പാക്കുകയോ അവിടത്തെ പൊലീസിനെ ബന്ധപ്പെട്ട് സുരക്ഷ ഉറപ്പാക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.

അതേസമയം രാജ്യത്തിന് പുറത്തുള്ളവർ ഇതിനേക്കാളെറെ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. യു.എ.ഇയിൽ ചെറീയ വേതനത്തിന് ജോലി ചെയ്യുന്നവരാണ് പ്രതിസന്ധിയിലായത്. ഇടുങ്ങിയ മുറികളിൽ ബർത്തുകളായി സ്ഥാപിച്ച കട്ടിലിൽ കിടന്നുറങ്ങിയാണ് പലരും സമയം കൊല്ലുന്നത്. പുറത്തിറങ്ങിയാൽ ഭീകരമായ പിഴ ഉള്ളതിനാൽ ആശങ്കയോടെ ഇവർ കഴിയുന്നു. നാട്ടിലേക്ക് എത്താൻ ഒരു വഴിയും ഇവർക്ക് മുന്നിലില്ല.

കൊറോണ വ്യാപിപ്പിച്ചത് പ്രവാസികളാണെന്ന പ്രചരണവും ഇവരെ ആശങ്കയിലാക്കുന്നുണ്ട്.

അതേസമയം ഭാവിയിൽ ഇവർ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയാൽ കേരള സമ്പത്ത് വ്യവസ്ഥയിൽ ഉണ്ടാക്കിയേക്കാവുന്ന തിരിച്ചടിയിൽ സർക്കാരിനും ആശങ്കയുണ്ട്. ഇ.സി.ആർ വിഭാഗത്തിൽ തൊഴിലിനായി പോകുന്ന ഇന്ത്യക്കാരുടെ എണ്ണം മാത്രമാണ് കേന്ദ്രം ഇതുവരെ പുറത്ത് വിട്ടത്. അതേസമയം ബ്യൂറോ ഓഫ് എമിഗ്രേഷൻ വഴി പോകുന്ന ഇന്ത്യക്കാരുടെ വിവരവും കേന്ദ്ര സർക്കാരിന്റെ കയ്യിലുണ്ട്. ലോകത്ത് ഇന്ത്യയാണ് തൊഴിൽ മേഖലയിലൂടെ വിദേശ നാണ്യം സ്വരൂപിക്കുന്നതിൽ മുന്നിൽ. വർഷം 800 കോടി ഡോളർ ഇന്ത്യയിലേക്ക് എത്തുമ്പോൾ രണ്ടാം സ്ഥാനത്തുള്ള ചൈന 670 കോടി ഡോളർ സമ്പാദിക്കുന്നു. മെക്സികോ, ഫിലിപ്പൈൻസ് എന്നിവർ 340 കോടി ഡോളറും ഈജിപ്ത് 260 കോടി ഡോളറും സമ്പാദിക്കുന്നു.

ഏറ്റവും പുതിയ കേരളാ മൈഗ്രേഷൻ സർവേ കണക്ക് പ്രകാരം 21 ലക്ഷം മലയാളികളാണ് വിദേശത്ത് തൊഴിൽ ചെയ്യുന്നത്. 2018ൽ 85092 കോടി രൂപ ഇവരുടെ സംഭാവനയാണ്. നിതാഖാത് അടക്കം ഉണ്ടായിട്ടും മുൻ വർഷങ്ങളേക്കാൾ അധികമാണിത്. കേരള മോഡൽ വികസനമെന്ന് ഊറ്റം കൊള്ളുന്നതും പ്രവാസികളുടെ വിയർപ്പിന്റെ ഫലമാണ്. ലോകമാകെ ലോക്ക്ഡൗൺ വന്നതോടെ ഉണ്ടായേക്കാവുന്ന തൊഴിൽ നഷ്ടങ്ങളും ബാധിക്കുക പ്രവാസികളെയാകും. ഇത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ അപ്പാടെ തകിടം മറിക്കും. കേരള സർക്കാരിന് ഇതിൽ വലീയ ആശങ്കയുണ്ട്.