police

കണ്ണൂർ: ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് സഹായ ഹസ്തവുമായി കണ്ണൂർ ജില്ലാ പൊലീസ്. കോറോണയുമായി ബന്ധപ്പെട്ട് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സ്വന്തം നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങിപ്പോയവർക്കാണ് ബോധവത്കരണവും ഭക്ഷണവും നിത്യോപയോഗ സാധനങ്ങളും നൽകിയത്. എന്തു ചെയ്യണമെന്ന് അറിയാതെ കൂട്ടത്തോടെ കഴിയുകയായിരുന്നു ഇവർ. അതിഥി തൊഴിലാളികൾ താമസിക്കുന്ന ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും മറ്റ് ഭാഷകളിൽ പൊലീസ് അനൗൺസ്‌മെന്റും നടത്തി. മട്ടന്നൂരിൽ നിന്നും സേലത്തേക്ക് കാൽനടയായി പോവുകയായിരുന്ന സേലം സ്വദേശികളായ അതിഥി തൊഴിലാളികളെ പാനൂർ മുനിസിപ്പാലിറ്റിയുടെ കമ്മ്യൂണിറ്റി കിച്ചണിൽ പ്രവേശിപ്പിച്ചു. സിറ്റി സ്റ്റേഷൻ പരിധിയിൽപ്പെട്ട മേലെചൊവ്വയിൽ റോഡരികിൽ പ്രതിമ നിർമ്മിച്ച് വിൽപ്പന നടത്തുന്നവർക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനാവശ്യമായ സാധനങ്ങളും കുട്ടികൾക്കുള്ള ഭക്ഷണവും വിതരണം ചെയ്തു.