കാസർകോട്: കൊറോണ മഹാമാരിയുടെ ഭാഗമായുള്ള ലോക്ക് ഡൗണിന്റെ മറവിൽ കേരളത്തെ കർണാടകവുമായി ബന്ധിപ്പിക്കുന്ന അതിർത്തിയിലുള്ള ദേശീയപാത 66 ഉൾപ്പെടെയുള്ള റോഡുകളും മറ്റ് ഉൾനാടൻ റോഡുകളും കർണാടക സർക്കാർ അടച്ചത് ചോദ്യം ചെയ്ത് രാജ്മോഹൻ ഉണ്ണിത്താൻ എം.പി സുപ്രീംകോടതിയെ സമീപിച്ചു. അഡ്വക്കേറ്റ് ഹാരിസ് ബീരാൻ വഴിയാണ് പൊതുതാത്പര്യ ഹർജി സുപ്രീം കോടതിയിൽ ഇന്ന് ഫയൽ ചെയ്തത്.
കർണാടക റോഡുകൾ ബ്ലോക്ക് ചെയ്തതിന്റെ ഫലമായി കേരളത്തിലേക്കുള്ള അവശ്യവസ്തുക്കളുടെ വിതരണവും ജില്ലയിലെ ജനങ്ങൾക്ക് മംഗലാപുരം അടക്കമുള്ള കർണാടകത്തിലെ ആതുര ശുശ്രൂഷാസൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് തടസം നേരിടുകയാണ്. ഇത് ഭരണഘടനയുടെ ഫെഡറൽ സംവിധാനത്തിന് എതിരാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന സഞ്ചാരസ്വാതന്ത്ര്യം, ആഹാരത്തിനുള്ള അവകാശം, ആരോഗ്യ ശുശ്രൂഷയ്ക്കുള്ള അവകാശം തുടങ്ങിയ അവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യയുടെ സ്വത്തായ ദേശീയപാതകൾ തടസപ്പെടുത്താനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ലെന്നും ഹർജി ചൂണ്ടിക്കാട്ടുന്നു.
കർണാടക സർക്കാർ അതിർത്തി അടച്ചതിനെ തുടർന്ന് ചികിത്സ ലഭിക്കാതെ രണ്ട് രോഗികൾ ആംബുലൻസിൽ വച്ച് മരിക്കുകയും ഒരു വനിത വാഹനത്തിൽ പ്രസവിക്കുകയും ചെയ്തു. ചരക്കു നീക്കവും പൂർണമായും നിലച്ചുവെന്നും ഹർജിയിലുണ്ട്. ഹർജി എത്രയും പെട്ടെന്ന് പരിഗണിക്കുന്നതിനായി രജിസ്ട്രാർക്ക് ഇ മെയിൽ അയച്ചിട്ടുണ്ട്.