കണ്ണൂർ: കൊറോണ വ്യാപനം ജനങ്ങളിൽ ഭീതി പടർത്തുമ്പോൾ വേനൽ കനക്കുന്നതും കുടിവെള്ള സ്രോതസുകൾ വറ്റി വരളുന്നതും ആശങ്ക ഇരട്ടിപ്പിക്കുന്നു. ജലവിഭവ വകുപ്പിന്റെ കണക്ക് പ്രകാരം കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ ജല ദൗർലഭ്യം അനുഭവപ്പെടുന്നത് കൊളച്ചേരി, നാറാത്ത്, മയ്യിൽ, കുറ്റിയാട്ടൂർ, കൂടാളി, മുണ്ടേരി, തില്ലങ്കേരി, കീഴല്ലൂർ പഞ്ചായത്തുകളിലും ഇരിട്ടി, മട്ടന്നൂർ മുനിസിപ്പാലിറ്റി, കണ്ണൂർ കോർപ്പറേഷനിലെ മാലികപറമ്പ് എന്നിവിടങ്ങളിലാണ് .

നിലവിൽ തലശ്ശേരി, തളിപ്പറമ്പ് പ്രദേശങ്ങളിൽ വെള്ളം വറ്റി തുടങ്ങിയിട്ടുണ്ട്. വരൾച്ച മുൻകൂട്ടി കണക്കാക്കി കുടിവെള്ള സ്‌കീമുകളുടെ പ്രവൃത്തികൾക്ക് നേരത്തെ തന്നെ തുകനീക്കി വെക്കുകയും പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ അതിനിടയിൽ കൊറോണ വ്യാപനത്തെ തുടർന്ന് സംസ്ഥാനം ലോക്ക് ഡൗണിലേക്ക് നീങ്ങിയത് തുടർ പ്രവർത്തനത്തിന് ചെറുതായി ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.

അടിയന്തിര സാഹചര്യങ്ങളിൽ ടാങ്കർ ലോറികളിൽ ജലവിതരണം നടത്തുന്നതിന് ആവശ്യമായ സ്ഥലങ്ങളിൽ കിയോസ്‌കുകളും ജലവിഭവ വകുപ്പിന്റെ മേൽനോട്ടത്തിൽ സ്ഥാപിക്കാറുണ്ട്.കൊറോണയുടെ പശ്ചാത്തലത്തിൽ ജനം പൊതുവെ പ്രയാസങ്ങൾ നേരിടുന്ന ഘട്ടത്തിൽ ഇത്തരം പ്രവൃത്തികളെല്ലാം അധികൃതർ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

അനുവദിച്ചിട്ടുണ്ട് 22 കോടി
2019-20 സാമ്പത്തിക വർഷത്തിൽ സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്നും വരൾച്ച ദുരിതാശ്വാസ പദ്ധതി ഇനത്തിൽ കുടിവെള്ള സ്‌കീമുകളുടെ പ്രവൃത്തികൾക്ക് 22.15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജലസേചന വകുപ്പ്, സംസ്ഥാന വൈദ്യുതി ബോർഡ് എന്നിവയുടെ സഹകരണത്തോടെ അവരുടെ ഉടമസ്ഥതയിലുള്ള അണക്കെട്ടുകളിലെ ജലം കുടിവെള്ള ആവശ്യത്തിനായി കരുതൽ ശേഖരമായി സൂക്ഷിക്കൽ, ജല ലഭ്യതയുള്ള സ്ഥലങ്ങളിൽ പൈപ്പ് ലൈനുകൾ ദീർഘിപ്പിച്ച് ജലം എത്തിക്കൽ,പമ്പിങ്ങ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കേടുവന്ന പമ്പ് സെറ്റുകളുടെ അറ്റകുറ്റപണികൾ ബന്ധിതമായി നടത്തൽ തുടങ്ങിയ നടപടികൾ ജലവിഭവ വകുപ്പ് സാധാരണയായി ചെയ്യാറുണ്ട്.

ദുരിതാശ്വാസമായും കുടിവെള്ള സ്‌കീമുകൾ

ഉപ്പു വെള്ളത്തിന്റെ കടന്നുകയറ്റം തടയാൻ വേനൽക്കാലത്ത് നിർമിക്കുന്ന താത്കാലിക തടയണ, തദ്ദേശ സ്വയംഭരണ വകുപ്പിനും റവന്യു വകുപ്പിനും ടാങ്കറിൽ ജലം എടുക്കാനായി പ്രത്യേക വെന്റിംഗ് പോയിന്റുകൾ സ്ഥാപിക്കുക, പ്രാദേശിക സാഹചര്യം മുൻനിർത്തി സ്രോതസിലെ മണ്ണും ചെളിയും നീക്കം ചെയ്യൽ, നീരൊഴുക്ക് വർദ്ധിക്കാൻ ചാൽ കീറി ജലസ്രോതസുകളിൽ ജലലഭ്യത ഉറപ്പു വരുത്തുക എന്നിവയാണ് ദുരിതാശ്വാസ പദ്ധതി ഇനത്തിൽ വരുന്ന കുടിവെള്ള സ്‌കീം പ്രവൃത്തികൾ.