കണ്ണൂർ: പൊതുജനങ്ങളുടെ അനാവശ്യ ഉപയോഗം കാരണം മാസ്‌കിന് ദൗർലഭ്യം ഉണ്ടായിട്ടുണ്ടെന്നും അവശ്യഘട്ടങ്ങളിൽ മാത്രമേ മാസ്‌ക് ധരിക്കേണ്ടതുള്ളുവെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക്. സർജിക്കൽ മാസ്‌ക് അഥവാ മെഡിക്കൽ മാസ്‌ക് എന്നത് ആരോഗ്യപ്രവർത്തകർക്ക് ഉപയോഗിക്കുന്നതിനുവേണ്ടി നിർമ്മിക്കപ്പെട്ടതാണ്. ഇത് എൻ-95 മാസ്‌ക്, ത്രീ ലെയർ മാസ്‌ക് എന്നിങ്ങനെ ലഭ്യമാണ്. പനി, ചുമ, തുമ്മൽ, ജലദോഷം, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും നിർബന്ധമായും സർജിക്കൽ മാസ്‌ക് ധരിക്കണം. ജനങ്ങളുമായി കൂടുതലായി ഇടപഴകാൻ സാധ്യതയുള്ളവർ, കമ്മ്യൂണിറ്റി കിച്ചൺ വർക്കർമാർ, സന്നദ്ധസേവന പ്രവർത്തകർ തുടങ്ങിയവർ സാധാരണ മാസ്‌ക് ഉപയോഗിക്കണമെന്നും അദ്ദേഹം അറിയിച്ചു.