കാസർകോട്: കൊറോണ വൈറസിനെ കടൽ കടത്തി കേരളത്തിലെത്തിച്ച ദുബായിലെ 'നെയ്‌ഫ്' ഇന്ന് പ്രവാസി മലയാളികളുടെ പേടിസ്വപ്നമാണ്. നാടിന്റെ പുരോഗതിയുടെ നാഴികക്കല്ലായ പ്രവാസിക്ക് കൊറോണ കടത്തിക്കൊണ്ടുവന്നവരെന്ന പ്രതിച്ഛായ ഉണ്ടാക്കിയതിന് പിന്നിലും ഈ നഗരത്തിന് റോളുണ്ട്. . കാസർകോട് ജില്ലയിൽ കൊറോണ വൈറസ് ബാധിച്ചവരിൽ 70 ശതമാനം ആളുകളും നെയ്‌ഫിൽ നിന്ന് എത്തിയവരാണ്.
ദുബായിൽ കൊറോണ ഏറ്റവും കൂടുതൽ വ്യാപിച്ചത് ഈ നഗരത്തിലാണ്. രോഗം തലപൊക്കിയതോടെ ഇവിടെയുള്ളല മലയാളികൾ നാട്ടിലേക്ക് വിമാനം കയറുകയായിരുന്നു.മംഗളൂരുവിലും കരിപ്പൂരിലും നെടുമ്പാശേരിയിലും വിമാനമിറങ്ങുകയായിരുന്നു പലരും. നെയ്‌ഫിൽ നിന്നെത്തിയ ആളുകൾ മുഖേനയാണ് കാസർകോട് ജില്ലയിൽ കുട്ടികൾക്കും ബന്ധുക്കളും അടക്കം 13 പേർക്ക് സമ്പർക്കത്തിൽ കൊറോണ പടർന്നത്. കാസർകോട് കളനാട്, ഏരിയാൽ, തളങ്കര, ഉപ്പള, മൊഗ്രാൽ സ്വദേശികളെല്ലാം നെയ്‌ഫിൽ നിന്ന് രോഗം കടത്തിയവരാണ്.
ജനസംഖ്യ 28571
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വെറും 13 കിലോമീറ്റർ മാത്രം ദൂരമുള്ള നെയ്‌ഫ് വെറും 15 മിനുട്ട് യാത്ര ചെയ്താൽ എത്താൻ കഴിയുന്ന നഗരമാണ്. 0.5671 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്‌തീർണമുള്ള നൈഫ് ദുബായിലെ ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന പ്രവിശ്യയാണ്. 28571 യാണ് ഇവിടത്തെ ജനസംഖ്യ.
കുപ്രസിദ്ധിയും
'ജലാബിയ' എന്ന അറബി വസ്ത്രത്തിന് പ്രസിദ്ധിയാർജ്ജിച്ച നൈഫിന് പക്ഷെ, ഏറ്റവും വലിയ അധോലോക കേന്ദ്രം എന്ന നിലയിൽ കുപ്രസിദ്ധിയുമുണ്ട്. ദുബായിലെ ഏറ്റവും 'വൃത്തികെട്ട' സ്ഥലമാണ് നൈഫ് എന്ന് അധോലോക കുറ്റവാളികൾക്കായി നൈഫ് സന്ദർശിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. സ്വർണ്ണം, ഹവാല പണം, മയക്കുമരുന്ന് എന്നിവയുടെ കള്ളക്കടത്ത് സംഘങ്ങളുടെ പ്രധാന കേന്ദ്രവും. പാക്കിസ്ഥാൻ, ബംഗ്ളാദേശ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ മാഫിയകൾ അടിഞ്ഞുകൂടുന്ന സ്ഥലവുമാണിത്. . ഏതുവിധേനയും പണം സമ്പാദിക്കാനുള്ള മോഹവുമായി ഗൾഫിൽ എത്തുന്ന മലയാളികൾ നെയ്‌ഫിൽ ആണ് എത്തിപ്പെടുന്നത്.കൂട്ടമായി താമസിക്കുന്നതിനാൽ ഒരു പകർച്ച വ്യാധികൾ പിടിപെട്ടാൽ എല്ലാവരും ഇരയാകുമെന്നതാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. അധോലോക നായകരായ ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ ഷക്കീലിന്റെയും രവി പൂജാരിയുടെയും സംഘങ്ങളുടെ താവളമാണ് നൈഫ് റോഡ് .നല്ല നിലയിൽ നിരവധി പ്രവാസികൾ ഇവിടെ ജോലി ചെയ്ത് ജീവിക്കുന്നുമുണ്ട്.
നെയ്‌ഫിനെ രക്ഷിക്കാൻ ദുബായ് സർക്കാർ
പ്രവാസി മലയാളികൾ തിങ്ങിപ്പാർക്കുന്ന ദേരസിറ്റിക്ക് അടുത്ത നെയ്‌ഫിനെ രക്ഷിക്കാനും ജനങ്ങളുടെ ആശങ്ക അകറ്റാനും ദുബായ് സർക്കാർ നടപടി തുടങ്ങി. ദുബായ് പൊലീസും ആരോഗ്യവകുപ്പും നെയ്‌ഫിൽ എത്തി നിരീക്ഷണത്തിൽ കഴിയുന്നവരെയും രോഗ ബാധിതരെയും കൊറോണ വൈറസ് പിടിപെടാത്തവരെയും പരിശോധന നടത്തി. ദുബായിലെ ഒരു പ്രമുഖ ഹെൽത്ത് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്.