കാസർകോട്: കൊറോണയുടെ പശ്ചാത്തലത്തിൽ അതിർത്തികൾ ഒരു കാരണവശാലും കേരളത്തിനുവേണ്ടി തുറന്നു നൽകില്ലെന്ന ദക്ഷിണ കർണാടക എം.പിയും ബിജെപി കർണ്ണാടക സംസ്ഥാന പ്രസിഡന്റുമായ നളിൻ കുമാർ കട്ടീലിന്റെ പ്രസ്താവന രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയും സത്യപ്രതിജ്ഞ ലംഘനവുമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫ് കുറ്റപ്പെടുത്തി. തലപ്പാടി അതിർത്തിയും മറ്റ് ഉൾനാടൻ അതിർത്തി പ്രദേശങ്ങളിലേയും റോഡുകൾ അടച്ച കർണാടക സർക്കാർ വ്യക്തികളുടെ സഞ്ചാര സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഹനിച്ചിരിക്കുകയാണ്. മംഗലാപുരം സൗത്ത് എം.എൽ.എ വേദവ്യാസ കമ്മത്തും മലയാളികളെ ഒരു കാരണവശാലും മംഗലാപുരത്ത് പ്രവേശിപ്പിക്കില്ലെന്ന് പ്രസ്താവിച്ചിരുന്നു. ബിജെപി അവരുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായും നോയൽ ആരോപിച്ചു.