കാഞ്ഞങ്ങാട്: അത്യുത്തരകേരളത്തിലെ സവിശേഷ ആഘോഷമായ പൂരോത്സവത്തിനു ആരംഭം കുറിച്ച് മീനമാസത്തിലെ തൃക്കാർത്തിക പിറന്നെങ്കിലും കഴകങ്ങളിലും ക്ഷേത്രങ്ങളിലും കാവുകളിലും മറ്റു ദേവസ്ഥാനങ്ങളിലും തറവാട്ടുവീടുകളിലും ഇക്കുറി പൂവിളി ഉയർന്നില്ല കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ക്ഷേത്രങ്ങൾ ഉത്സവങ്ങൾ വേണ്ടെന്ന് വെയ്ക്കുകയാണ്.
കാർത്തിക പിറന്നാൽ ഒൻപത് ദിവസമാണ് പൂരോത്സവം.അപൂർവം ചില ക്ഷേത്രങ്ങളിൽ ഒരു മാസം വരെ ഇത് നീണ്ടുനിൽക്കും. തറവാട് വീടുകളിൽ പത്തുവയസിന് താഴെയുള്ള പെൺകുഞ്ഞുങ്ങളാണ് പുവിടേണ്ടത്. വീടുകളിൽ അഞ്ചു ദിവസമാണ് പൂവിടൽ. നരയൻ പൂ, ചെക്കി തുടങ്ങിയ പൂക്കൾ ക്കൊണ്ട് കാമദേവനെ ഉണ്ടാക്കുന്നതോടെയാണ് വീടുകളിൽ പൂരോത്സവം സമാപിക്കുന്നത്.
കാഞ്ഞങ്ങാട് മേഖലയിൽ അജാനൂർ ശ്രി കുറുംബ ഭഗവതി ക്ഷേത്രം ലക്ഷ്മിക്ക നഗർ അറയിൽ ദnവതി ദേവാലയം നിലാങ്കര ശ്രി കുതിരക്കാളി ഭഗവതി ക്ഷേത്രം, വെള്ളിക്കോത്ത് ശ്രി ചൂളിയാർ ഭഗവതി ദേവാലയം തുടങ്ങി വിവിധ ക്ഷേത്രങ്ങളിലും ദേവസ്ഥാനങ്ങളിലും പൂരോത്സവം വലിയ ആഘോഷമാണ്.ആഘോഷപൂർവമുള്ള ശാലിയപൊറാട്ടുകളും ഭഗവതിമാരുടെ പൂരംകുളികളുമെല്ലാം ഇക്കുറി കൊറോണ ഭീതിയിൽ ചടങ്ങുകളിൽ ഒതുങ്ങുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുകയാണ്.