മട്ടന്നൂർ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി താൽക്കാലികമായി അടച്ചിട്ട കണ്ണൂർ വിമാനത്താവളത്തിൽ അണു നശീകരണത്തിനുള്ള പ്രവൃത്തി ഊർജിതം. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശമനുസരിച്ച് പ്രത്യേക പരിശീലനം ലഭിച്ച വിമാനത്താവളത്തിലെ ശുചീകരണത്തൊഴിലാളികളാണ് അണുനശീകരണത്തിന് നേതൃത്വം നൽകുന്നത്. വീണ്ടും തുറക്കുമ്പോഴേക്കും വിമാനത്താവളം പൂർണ സജ്ജമാക്കലാണ് ലക്ഷ്യം.

നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ 14 ന് വിമാനത്താവളം തുറക്കാനാണ് ഡി.ജി.സി.എ. ലക്ഷ്യമിടുന്നത്. ടെർമിനൽ കെട്ടിടത്തോടൊപ്പം എ.ടി.സി., ഫയർ സ്റ്റേഷൻ കെട്ടിടങ്ങൾ, ഫ്ളൈ ഓവറുകൾ, റോഡുകൾ എന്നിവയെല്ലാം ശുചീകരിക്കുന്നുണ്ട്. സെക്യൂരിറ്റി ഹോൾഡ് ഏരിയകൾ, ചെക്ക്-ഇൻ കൗണ്ടറുകൾ, ബാഗേജ് കൈകാര്യം ചെയ്യാനുള്ള സൗകര്യം, എമിഗ്രേഷൻ, കസ്റ്റംസ് ഏരിയ, പുറപ്പെടൽ ഗേറ്റുകൾ എന്നിവയും പൂർണമായി അണുവിമുക്തമാക്കും

അണുസംഹാരം സോഡിയം ഹൈപ്പോ ക്ളോറൈറ്റ് വഴി

.കൊറോണ വൈറസിനെതിരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ചാണ് ശുചീകരിക്കുന്നത്. വിമാനത്താവളം വീണ്ടും തുറക്കുമ്പോൾ രോഗം തടയാൻ മുൻകരുതൽ നടപടികളെക്കുറിച്ച് വിവിധ സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. പ്രത്യേക സാഹചര്യത്തിൽ സർക്കാർ ആവശ്യപ്പെടുന്ന ഏതു സമയത്തും വിമാനത്താവളം അടിയന്തിര പ്രവർത്തനങ്ങൾക്ക് തയ്യാറാണ്.