മട്ടന്നൂർ: നഗരസഭാ ആരോഗ്യ വിഭാഗവും ആരോഗ്യ വകുപ്പും ചേർന്ന് മറുനാടൻ തൊഴിലാളികൾക്ക് ഭക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ നടപടി തുടങ്ങി. ഇതിനായി മറുനാടൻ തൊഴിലാളികളുടെ പേരും വിവരങ്ങളും രജിസ്റ്റർ ചെയ്യാൻ തൊഴിലുടമകളോടും കോൺട്രാക്ടർമാരോടും ആവശ്യപ്പെട്ടിരുന്നു. ഒരു ദിവസം കൊണ്ട് 200 ലധികം പേരാണ് രജിസ്റ്റർ ചെയ്തത്.
ലോക്ക് ഡൗണിനെ തുടർന്ന് വരുമാനവും ഭക്ഷണവുമില്ലാതെ ഒറ്റപ്പെട്ടു പോകുന്ന തൊഴിലാളികൾക്ക് നഗരസഭയിലെ സമൂഹ അടുക്കള വഴി ഭക്ഷണമെത്തിക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്. എന്നാൽ ഇവിടത്തെ രീതിയിൽ തയ്യാറാക്കുന്ന ഭക്ഷണം ഇവർക്ക് വേണ്ടെന്ന പ്രശ്നവുമുണ്ട്. ഇത് പരിഗണിച്ച് തൊഴിലുടമകളുടെ കീഴിലല്ലാതെ ജോലി ചെയ്യുന്ന മറുനാടൻ തൊഴിലാളികൾക്ക് ഭക്ഷണ കിറ്റ് നൽകുന്ന കാര്യം നഗരസഭ പരിഗണിക്കുന്നുണ്ട്.