നീലേശ്വരം: നഗരസഭ പരിധിയിൽ ഒറ്റപ്പെട്ട് താമസിക്കുന്നവർക്കും വഴിയോരങ്ങളിൽ കഴിയുന്നവർക്കും അതിഥി തൊഴിലാളികൾക്കും നൽകുന്നതിനു വേണ്ടി നഗരസഭ ഒരുക്കുന്ന കമ്മ്യൂണിറ്റി കിച്ചണ് ആവശ്യമുള്ള ഒരു ദിവസത്തെ അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറി എന്നിവ പള്ളിക്കര കറുത്ത ഗേറ്റ് പരിസരത്ത് പ്രവർത്തിക്കുന്ന സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് സംഭാവന ചെയ്തു.
ട്രസ്റ്റ് ചെയർമാൻ ഇ. വിജയൻ നഗരസഭ ചെയർമാൻ കെ.പി. ജയരാജൻ, കമ്മ്യൂണിറ്റി കിച്ചൺ ചാർജ് വഹിക്കുന്ന പി. രാധ എന്നിവർ സ്വീകരിച്ചു. കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഇപ്പോൾ 350 ഓളം ഭക്ഷണപ്പൊതി ഒരുക്കുന്നുണ്ട്. അതാത് വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത വൊളണ്ടിയർമാ ഭക്ഷണ പൊതി വീടുകളിൽ എത്തിച്ചു നൽകും.

ഭക്ഷണമൊരുക്കി നീലേശ്വരം പോലീസ്

നീലേശ്വരം: പൊലീസ് സ്റ്റേഷന്റെ പരിധിയിൽ ആരും പട്ടിണി കിടക്കേണ്ടെന്ന സന്ദേശവുമായി നീലേശ്വരം പൊലീസ്. ഭക്ഷണത്തിന് അത്യാവശ്യമുള്ളവർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടാൽ ആവശ്യമുള്ളവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നതാണ്. അതുപോലെ അത്യാവശ്യമായി മരുന്ന് ആവശ്യമുള്ളവർക്കും പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടാൽ മരുന്ന് എത്തിച്ചു കൊടുക്കും. കഴിഞ്ഞ ദിവസം കാലിച്ചാംപൊതിയിലെ ആറ് മാസം പ്രായമായ കുട്ടിക്ക് അത്യാവശ്യമായി വേണ്ടുന്ന മരുന്ന് നീലേശ്വരം പൊലീസ് വീട്ടിലെത്തിച്ചു കൊടുത്തിരുന്നു.