തളിപ്പറമ്പ് : കാസർകോട് മുതൽ കൈകാട്ടി പൊലീസുകാരെയൊക്കെ വെട്ടിച്ചും ബാരിക്കേഡുകൾ തകർത്തും പുത്തൻ സ്വിഫ്റ്റ് കാറിൽ റേസ് നടത്തിയ ക്രിമിനൽ കേസ് പ്രതിയെ പിടികൂടിയത് നൂറികിലോമീറ്റർ പിന്നിട്ട ശേഷം. കാസർകോട് സ്വദേശിയ സി.എച്ച് റിയാസിനെയാണ് മട്ടന്നൂർ,മാലൂർ പൊലീസ് സംയുക്തമായി കെണിയൊരുക്കി പിടികൂടിയത്.ഈയാൾക്കെതിരെ നിയന്ത്രണം ലംഘിച്ചതിനും അപകടരമായും അലസമായും കാറോടിച്ചതിന് കേസെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല.

കാസർകോട് നിന്ന് പുറപ്പെട്ട ഈയാൾ നിയന്ത്രണം ലംഘിച്ച് കാർ പായിക്കുന്നത് കണ്ട് വയർലെസ് വഴി വിവിധ സ്റ്റേഷനുകളിലേക്ക് സന്ദേശം അയച്ചിരുന്നു. അതിവേഗതയിൽ കാസർകോട് ജില്ലയുടെ അതിർത്തി പിന്നിട്ട ഈയാളെ തളിപ്പറമ്പിൽ വച്ച് പൊലീസ് കൈകാണിച്ചെങ്കിലും ഇരിട്ടി റോഡിലേക്ക് കയറിപ്പോയി. ഇവിടെ നിന്ന് ഇരിക്കൂർ ഭാഗത്തേക്ക് പോകുന്നത് കണ്ട് ഇരിക്കൂർ പൊലീസിന് വിവരം കൈമാറി. അവർ അവിടെ കൈകാട്ടിയെങ്കിലും ഇവിടെയും നിർത്താതെ വാഹനം കടന്നുപോകുകയായിരുന്നു. മാലൂർ ഇടപഴശ്ശി വഴി ശിവപുരത്തേക്ക് കയറുന്നതിനിടയിൽ മാലൂർ, മട്ടന്നൂർ പൊലീസ് ഉദ്യോഗസ്ഥർ ഈയാളെ പിടികൂടുകയായിരുന്നു.മാലൂർ പൊലീസ് ഈയാളെ മട്ടന്നൂർ പൊലീസിന് കൈമാറി.അരമണിക്കൂറോളം ഈയാളെ സ്റ്റേഷനിൽ ചോദ്യംചെയ്ത ശേഷം തളിപ്പറമ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്.

ഈയാൾ ഓടിച്ച കാറിന്റെ ചില്ലുകളെല്ലാം തകർക്കപ്പട്ട നിലയിലാണ്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഈയാളെന്ന് പൊലിസ് പറഞ്ഞു.