തൃക്കരിപ്പൂർ: കൊറോണ മഹാമാരിയായി ലോകജനതക്ക് മുന്നിൽ പടർന്നു കയറുമ്പോൾ, സമാന സാഹചര്യത്തിൽ വിപ്ളവകരമായി ആതുരസേവനം നടത്തി മരണത്തിലേക്ക് സ്വയം നടന്നുപോയ അന്നൂർ സ്വദേശിയും സ്വാതന്ത്രസമര സേനാനിയുമായ കുതിരപ്പന്തിമഠത്തിൽ കുഞ്ഞമ്പുവിന്റെ 69ാമത്ചരമദിനമായിരുന്നു ഇന്നലെ.

മലബാറിൽ വസൂരി രോഗം പടർന്ന് പിടച്ച കാലമായിരുന്നു 1951 . മാരിയെ പേടിച്ച് സ്വന്തം മക്കളെയും കൂടപ്പിറപ്പുകളെയും മാതാപിതാക്കളെയും ആളുകൾ ഉപേക്ഷിച്ച് പോയ കാലം. നൂറുക്കണക്കിന് മനുഷ്യർ തലങ്ങും വിലങ്ങും മരിച്ചുവീഴുന്നത് മൂലം നാട് വിറച്ചുനിൽക്കുകയായിരുന്നു. വസൂരിയ്ക്ക് പുറമെ തൊട്ടുകൂടായ്മയും അയിത്താചരണവും.

വസൂരി പടർന്നുപിടിച്ച അന്നൂർ ചക്ലിയ കോളനിയിൽ മൃതദേഹം നീക്കം ചെയ്യാനും മൃതപ്രായരായ രോഗികൾക്ക് കുടിനീര് നൽകാൻ പോലും ആരുമുണ്ടായിരുന്നില്ല. ഒരു തികഞ്ഞ സോഷ്യലിസ്റ്റും സാമൂഹ്യ പ്രവർത്തകനുമായിരുന്ന കുതിരപ്പന്തി മഠത്തിൽ കുഞ്ഞമ്പുവിനത് കാരുണ്യ പ്രവർത്തനത്തിന്റെ നാന്ദിയായി. വസൂരി പിടിപെട്ട് മാതാപിതാക്കൾ നഷ്ടപ്പെട്ട രണ്ടു ഹരിജൻ കുട്ടികളെ ഏറ്റെടുത്ത് തന്റെ നയം വ്യക്തമാക്കിയ കുഞ്ഞമ്പുവിനെതിരെ ജാതിക്കോമരങ്ങൾ ഉറഞ്ഞടുത്തെങ്കിലും അദ്ദേഹം വകവെച്ചില്ല.

സ്വജീവൻ സംരക്ഷിക്കാൻ തുനിയുന്നതിന് പകരം അന്യന്റ ദുരിതത്തിന് പരിഹാരം കാണാനുള്ള ആത്മാർത്ഥ ശ്രമത്തിനിടയിൽ വസൂരി പിടിപെട്ടു തന്നെ 1951-ൽ 33ാം വയസിൽ അദ്ദേഹത്തിന്റെ ജീവൻ പൊലിഞ്ഞു. .1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ ഏർപ്പെട്ട് ബ്രിട്ടീഷു കാരന്റെ ക്രൂര മർദ്ദനത്തിന് വിധേയനായ കുഞ്ഞമ്പു മികച്ച നാടക നടനുമായിരുന്നു. ഈ സമൂഹ്യ സ്നേഹിയുടെ നാമധേയത്തിൽ അന്നൂരിലും തൃക്കരിപ്പൂരിലുമായി പ്രവർത്തിക്കുന്ന കെ.എം.കെ.സ്മാരക കലാസമിതികളിലൂടെ ഈ നാമം എന്നും അനശ്വരമാകുന്നു.