കണ്ണൂർ: ലോക്ക് ഡൗണിന്റെ മറവിൽ കണ്ണൂർ ജില്ലയിൽ വ്യാജവാറ്ര് കേന്ദ്രങ്ങൾ പെരുകുന്നു. ജില്ലയുടെ മലയോരത്ത് കൂണുപോലെയാണ് ഇത്തരം വാറ്റ് കേന്ദ്രങ്ങൾ കൂടുന്നത്. ഇന്നലെ പിണറായിൽ 40 ലിറ്റർ കോട (വാഷ്) എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തി നശിപ്പിച്ചിരുന്നു. ലോക്ക് ഡൗൺ നിലവിൽ വന്നതിന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി എക്സൈസ് ഉദ്യോഗസ്ഥർ 1000 ലിറ്റർ കോട കണ്ടെത്തി നശിപ്പിച്ചു. എട്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇന്നലെ തളിപ്പറമ്പിൽ വ്യാജ ചാരായവുമായി ഒരാൾ പിടിയിലായെങ്കിലും പയ്യാവൂർ സ്വദേശിയായ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ബാറുകളും ബിവറേജുകളും പൂട്ടിയതാണ് വ്യാജ ചാരായ വാറ്റ് കേന്ദ്രങ്ങൾ വ്യാപകമാകാൻ കാരണം. അഞ്ച് ദിവസത്തിനിടെ ചെറുതും വലുതുമായ മുപ്പതിലധികം വാറ്റ് കേന്ദ്രങ്ങളാണ് എക്‌സൈസ് ഉദ്യോഗസ്ഥർ തകർത്തത്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൂത്തുപറമ്പ് കണ്ടംകുന്ന് വനമേഖലയിൽ പുഴ നീന്തിക്കടന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ വാറ്റ് കേന്ദ്രം നശിപ്പിച്ചത്. ആലക്കോട്, കൂത്തുപറമ്പ്, പേരാവൂർ തുടങ്ങി കണ്ണൂരിലെ മലയോര മേഖലകളിലെല്ലാം വ്യാജവാറ്റ് വ്യാപകമാവുകയാണ്.
പുഴയോരങ്ങളിലും പാറക്കെട്ടുകൾക്കിടയിലുമെല്ലാം വാറ്റ് സജീവമാണ്. എക്സൈസ് ഉദ്യോഗസ്ഥർ കിലോമീറ്ററുകളോളം വനത്തിലൂടെ നടന്നാണ് പല വാറ്റ് കേന്ദ്രങ്ങളും കണ്ടെത്തി നശിപ്പിച്ചത്. രജിസ്ട്രർ ചെയ്ത ഒരു കേസിലും പ്രതികളെ പിടിക്കാൻ കഴിഞ്ഞിട്ടില്ല. പരിശോധന സമയത്തൊന്നും പരിസരത്ത് ആളുകളുണ്ടായിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വ്യാജവാറ്റും വ്യാജ ചാരായവും വരും ദിവസങ്ങളിൽ വ്യാപകമാവുമെന്നാണ് ആരോഗ്യ പ്രവർത്തകർ നിരീക്ഷിക്കുന്നത്. അങ്ങനെവന്നാൽ കൊറോണയെക്കാളും ഭീകരമായ ദിവസങ്ങളായിരിക്കും വരാൻ പോകുന്നത്. കാസർകോട് ജില്ലയിൽ ചില ചെറുകിട സ്വകാര്യ ആശുപത്രികളുടെയും ക്ളിനിക്കുകളുടെയും മറവിൽ മിഥൈൽ ആൾക്കഹോൾ എത്തുന്നതായും സൂചനയുണ്ട്. ഏതാനം വർഷം മുമ്പ് ഒരു ചിറ്റാരിക്കൽ സ്വദേശി മിഥൈൽ ആൾക്കഹോൾ കഴിച്ച് മരിച്ചിരുന്നു. മറ്റൊരാൾക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു. സ്വകാര്യ ഏജൻസികൾ വഴിയാണ് ഗോവ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് മിഥൈൽ ആൾക്കഹോൾ കടത്തിക്കൊണ്ടുവരുന്നത്.