കണ്ണൂർ: കൊറോണ രോഗ ബാധ ഏറ്റവും ഭീകരമായി തുടരുന്ന കാസർകോട് ജില്ലയോട് കിടപിടിക്കും വിധം കണ്ണൂരിന്റെ വ്യാപനം. ഏറ്റവും ഒടുവിൽ 11 പേർക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗികൾ 46 ആണ്. ഇത് ഉടൻ അൻപത് കടക്കുമെന്നാണ് ആശങ്ക. നിരീക്ഷണത്തിൽ കഴിയുന്നവർ 10, 904പേരായതോടെയാണ് ആശങ്ക വ്യാപിക്കുന്നത്. പ്രവാസി കുടുംബങ്ങളിലേക്ക് കൂടി രോഗം വ്യാപിക്കുന്നതോടെ ഇവരുമായി ബന്ധപ്പെട്ടവരും ഭയപ്പാടിലാണ്.
കണ്ണൂരിൽ കോട്ടയം പൊയിൽ, മൂര്യാട് സ്വദേശികളായ രണ്ടു പേർക്കും, ചമ്പാട്, പയ്യന്നൂർ, കതിരൂർ, പൊന്ന്യം വെസ്റ്റ്, ചൊക്ലി, ഉളിയിൽ, പാനൂർ സ്വദേശികൾക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഒരാൾ ബഹ്റൈനിൽ നിന്നും ബാക്കിയുള്ളവർ ദുബായിൽ നിന്നുമാണ് ജില്ലയിലെത്തിയത്. 16നാണ് ചൊക്ലി സ്വദേശി കരിപ്പൂരിലെത്തിയത്. 17ന് പാനൂർ സ്വദേശിനിയും ഉളിയിൽ സ്വദേശിയും കരിപ്പൂരിലെത്തി. 34 കാരനായ പയ്യന്നൂർ സ്വദേശി ബഹ്റൈനിൽ നിന്ന് കരിപ്പൂരിലെത്തിയത് 18നാണ്. കോട്ടയം പൊയിൽ സ്വദേശി 19നാണ് തിരുവനന്തപുരം വിമാനത്താവളം വഴി എത്തിയത്. 22ന് ചമ്പാട് സ്വദേശി , കതിരൂർ സ്വദേശി, പൊന്ന്യം വെസ്റ്റ് സ്വദേശി എന്നിവർ കരിപ്പൂരിലും കോട്ടയംപൊയിൽ സ്വദേശി തിരുവനന്തപുരത്തും രണ്ട് മൂര്യാട് സ്വദേശികൾ ബംഗളൂരുവിലും വിമാനമിറങ്ങി. ഇവരിൽ പയ്യന്നൂർ, ഉളിയിൽ സ്വദേശികൾ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർ തലശ്ശേരി ജനറൽ ആശുപത്രിയിലുമാണ് സ്രവ പരിശോധനയ്ക്ക് വിധേയരായത്. ഇവരിൽ നാലു പേർ നിലവിൽ ആശുപത്രിയിലും ബാക്കിയുള്ളവർ വീട്ടിലും നിരീക്ഷണത്തിൽ കഴിയുകയാണ്.
92 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. നിലവിൽ 37 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും, 18 പേർ ജില്ലാ ആശുപത്രിയിലും 22 പേർ തലശ്ശേരി ജനറൽ ആശുപത്രിയിലും 15 പേർ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയിൽ നിന്നും 360 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 302 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതിൽ 275 എണ്ണം നെഗറ്റീവ് ആണ്. തുടർ പരിശോധനയിൽ രണ്ട് എണ്ണത്തിന്റെ ഫലം പോസിറ്റീവാണ്. 58 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും ഇപ്പോഴും പലരും ഗൗരവമില്ലാതെ പുറത്തിറങ്ങുന്നത് ആശങ്കയുണ്ടാക്കുന്നു. കണ്ണൂർ എസ്.പിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയവരെ ഏത്തമിടീപ്പിച്ച സംഭവം വിവാദത്തിന് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രിയടക്കം തള്ളിപ്പറഞ്ഞതോടെ വാഹനങ്ങൾ നിരത്തിലിറക്കുന്നതും കൂടിയിട്ടുണ്ട്.