കാസർകോട്: കൊറോണയുടെ ഭീതിയിൽ നട്ടംതിരിയുന്ന വടക്കൻ കേരളത്തിലെ ജനങ്ങളെ പൂട്ടിയിട്ട കർണാടകയെ പാഠം പഠിപ്പിക്കാൻ കാസർകോട്ടെ ജനങ്ങൾ ഒരുമിക്കുന്നു. അതിർത്തികൾ കർണാടക അടച്ചിടുകയും ചികിത്സ കിട്ടാതെ മലയാളികൾ മരിച്ചു വീഴുകയും ചെയ്യുന്ന അവസ്ഥയിൽ രോഷാകുലരായാണ് വടക്കൻ കേരളത്തിൽ നിന്ന് ഒരുമയുടെ ശബ്ദം ഉയരുന്നത്. ബദിയടുക്ക ഉക്കിനടുക്കയിൽ സർക്കാർ ഉടമസ്ഥതയിൽ നിർമ്മാണം ആരംഭിച്ച ഗവൺമെന്റ് മെഡിക്കൽ കോളേജ് എത്രയും വേഗം തുറന്നു പ്രവർത്തനം ആരംഭിക്കുന്നതിനും പെരിയ കേന്ദ്ര സർവ്വകലാശാലയോടു ചേർന്ന് നേരത്തെ പണിയുമെന്ന് വാഗ്ദാനംചെയ്ത മെഡിക്കൽ കോളേജ് യാഥാർത്ഥമാക്കി കിട്ടുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്താൻ വടക്കൻ കേരളം തയ്യാറെടുക്കുകയാണ്.
മലബാർ ജില്ലകളിലെ ജനങ്ങൾ വൻതോതിൽ ആശ്രയിക്കുന്നത് കൊണ്ടാണ് കർണാടകയിലെ മംഗളൂരുവിൽ മെഡിക്കൽ കോളജുകളും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും തഴച്ചു വളരുന്നത്. കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജനങ്ങളാണ് അധികവും മംഗളൂരുവിലെ ആശുപത്രികളിൽ ചികിത്സക്കായി എത്തുന്നത്. മലയാളികളെ കൊള്ളയടിച്ച് തഴച്ചുവളരുന്ന ഈ ലോബിയെ പൂട്ടിയാൽ കർണാടക പാഠം പഠിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
മംഗളൂരുവിലെ മെഡിക്കൽ കോളേജ് ലോബികളാണ് പലപ്പോഴും കണ്ണൂരും കാസർകോട്ടുമൊക്കെ മെഡിക്കൽ കോളേജുകൾ വരുന്നതിനു തുരങ്കം വയ്ക്കുന്നത്. കൊറോണ രോഗങ്ങൾ ഭേദം ആയതിനുശേഷം ഈ ലോബിയെ പൂട്ടാൻ ശക്തമായ നടപടികൾ തന്നെ സ്വീകരിക്കാനാണ് മലയാളികൾ ഒരുക്കം കൂട്ടുന്നത്. ഭക്ഷ്യസാധനങ്ങൾ കടത്തിവിടാതെയും മതിയായ ചികിത്സ നൽകാതെയും മലയാളികളെ കൊല്ലുന്നതിന് കൂട്ടുനിൽക്കുന്ന ദക്ഷിണ കർണാടകയിലെ ഈ വിഭാഗത്തിനെതിരെ ശക്തമായി നീങ്ങാൻ തന്നെയാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. കർണാടകത്തിലേതിനേക്കാൾ സുരക്ഷിതവും ശക്തവുമായ ചികിത്സാസൗകര്യങ്ങൾ കാസർകോട് ഒരുക്കാനാണ് സർക്കാരും പദ്ധതിയിടുന്നത്. രണ്ട് മെഡിക്കൽ കോളേജുകൾ കാസർകോട് ജില്ലയിൽ വന്നുകഴിഞ്ഞാൽ മംഗളൂരുവിലേക്കുള്ള മലയാളികളുടെ ഒഴുക്ക് നിൽക്കുമെന്നാണ് കരുതുന്നത്. ആ നിലയിൽ ബോധപൂർവ്വമായ ചില നീക്കങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് അറിയുന്നത്.
കേന്ദ്ര സർവ്വകലാശാലയോട് അനുബന്ധിച്ച് മെഡിക്കൽ കോളേജ് സ്ഥാപിക്കണമെന്നത് സർവ്വകലാശാല പെരിയയിൽ ആരംഭിച്ചത് മുതൽ ഉയർത്തിക്കൊണ്ട് വന്ന ആവശ്യമാണ്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉൾപ്പെടെയുള്ളവർക്ക് മെഡിക്കൽ കോളേജിന്റെ ആവശ്യം ബോധ്യപ്പെട്ടതുമാണ്. കൊറോണയുടെ പശ്ചാത്തലത്തിൽ കർണാടക സർക്കാർ മംഗളൂരുവിലേക്കുള്ള വാതിലുകൾ കൊട്ടിയടച്ചത് വലിയ പാഠമാണ്. കർണാടകയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി ലോബികളാണ് ഇക്കാലമത്രയും കേന്ദ്ര സർവകലാശാലാ മെഡിക്കൽ കോളേജിന് പാര പണിതതെന്ന ആരോപണവും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്. പെരിയയിലെ തേജസ്വിനി ഹിൽസിൽ മെഡിക്കൽ കോളേജിന് ആവശ്യമായ ഭൂമി ലഭ്യമാണ്. കേന്ദ്ര സർവ്വകലാശാല മെഡിക്കൽ കോളേജിനായി നാടൊന്നാകെ ശബ്ദിക്കേണ്ട സമയം ആണിതെന്ന് ജനങ്ങൾ ഒന്നടങ്കം പറയുന്നു.