കണ്ണൂർ: കൊറോണപ്പേടിയിൽ ഭായിമാരൊക്കെ നാട് വിട്ടതോടെ കശുഅണ്ടി കർഷകർ കടുത്ത പ്രതിസന്ധിയിൽ. ഗ്രാമീണ മേഖലയിൽ തങ്ങി പറമ്പിലെ കാട് വെട്ടുന്ന യന്ത്രം ഉപയോഗിച്ച് വെട്ടിക്കൊടുക്കുന്നവരാണ് കൂട്ടത്തോടെ പോയത്. മലഞ്ചരക്ക് വ്യാപാരികളൊക്കെ കടയും പൂട്ടി വിട്ടതോടെ വിലയും ഇടിഞ്ഞു. തുടക്കത്തിൽ തന്നെ 100 രൂപ മാത്രമുണ്ടായിരുന്ന കശുഅണ്ടിയ്ക്ക് ഇപ്പോൾ 70 രൂപയെങ്കിലും കിട്ടിയാലായി എന്ന അവസ്ഥയാണ്. മഴ വരാൻ മാസങ്ങൾ ബാക്കി നിൽക്കുന്ന മാർച്ച് മാസത്തിലാണ് ഈ അവസ്ഥ.

കഴിഞ്ഞ വർഷങ്ങളിൽ 150 രൂപാ വരെ വില ലഭിച്ചതോടെ കർഷകർ ആഹ്ലാദത്തിലായിരുന്നു. വേനൽ മഴ ലഭിച്ച് കശുഅണ്ടി കറുപ്പ് നിറമാകും വരെ മാന്യമായ വില ലഭിച്ചതോടെ റബ്ബർ കൃഷി ഉപേക്ഷിച്ച് വരെ പലരും കശുഅണ്ടിയിലേക്ക് മടങ്ങി. ഒരു കാലത്ത് കണ്ണൂർ, കാസർകോട് അടക്കമുള്ള മലബാർ ജില്ലകളിൽ കശുഅണ്ടി വ്യാപകമായിരുന്നു. റബ്ബറിന്റെ വ്യാപനം തിരിച്ചടിയായി. കശുഅണ്ടി കൃഷി ഇവിടെയാണെങ്കിലും സംസ്കരണം അത്രയും കൊല്ലം ജില്ലയിലാണ്. ഇവിടെ സംസ്കരിച്ചെത്തുന്ന പരിപ്പിന് വൻ വിലയുള്ളപ്പോഴും ഇതിന്റെ പത്തിലൊന്ന് തുക പോലും കർഷകന് ലഭിക്കുന്നില്ല.

അതേസമയം വർഷത്തിൽ മൂന്നര മാസം മാത്രം വിളവ് ലഭിക്കുന്ന കശുഅണ്ടിയെ ഇനിയും നിലനിറുത്തേണ്ടെന്ന തീരുമാനത്തിലാണ് പല കർഷകരും. കാട് വെട്ടാൻ മണിക്കൂറിന് 200 രൂപാ വരെ അതിഥി തൊഴിലാളിയ്ക്ക് വാടക നൽകുന്നതാണ് ഒരു പരിധി വരെ പിടിച്ച് നിൽക്കാൻ സഹായിക്കുന്നത്. മുള്ളും പാമ്പും നിറഞ്ഞ പറമ്പ് വൃത്തിയാക്കാൻ മലയാളികളെ നിയോഗിച്ചാൽ വരുമാനത്തേക്കാൾ ചെലവ് കൂടുമെന്ന് കർഷകർ പറയുന്നു. പ്ലാന്റേഷൻ കോർപ്പറേഷനും വിലത്തകർച്ചയുടെ ഇരയാണ്. കാസർകോട് ജില്ലയിൽ കയ്യൂർ-ചീമേനി പഞ്ചായത്തിൽ 500 ഹെക്ടറിൽ അധികം കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കശുമാവിൻ തോട്ടമാണ്. എന്നാൽ അടുത്ത കാലത്ത് കോർപ്പറേഷൻ പകുതിയിലേറെ ഭൂമിയിലും കശുമാവ് വെട്ടി റബ്ബർ കൃഷി തുടങ്ങിയിരിക്കുകയാണ്. ബാക്കിയുള്ള തോട്ടം കാട് കയറി, വിളവ് ശേഖരിക്കാൻ കഴിയാത്ത അവസ്ഥയാണ്.

ജില്ലയിൽ തന്നെ കശുഅണ്ടി സംസ്കരണം തുടങ്ങാൻ ആവശ്യം ഉയരുമ്പോഴും കുറഞ്ഞ വേതനത്തിന് ആളെ ലഭിക്കില്ലെന്നാണ് ആശങ്ക. നേരത്തെ പാറപ്പള്ളിയിൽ ഉണ്ടായിരുന്ന കമ്പനി, തൊഴിലാളി സമരത്തെ തുടർന്ന് പൂട്ടിയിരുന്നു. 2011-12 വർഷത്തിൽ 68,655 മെട്രിക് ടൺ കശുഅണ്ടിയാണ് കേരളം കയറ്റി അയച്ചിരുന്നത്. എന്നാൽ 2018-19ൽ 29,062 മെട്രിക് ടൺ മാത്രമായി ചുരുങ്ങി. ഇന്ത്യയിൽ നിന്ന് കയറ്റി അയയ്ക്കുന്ന പരിപ്പിന്റെ അളവും ഇടിഞ്ഞിട്ടുണ്ട്. ഒൻപത് വർഷം മുമ്പ് രാജ്യത്ത് നിന്നും കയറ്റി അയയ്ക്കുന്ന കശുഅണ്ടി പരിപ്പിന്റെ 52.4 ശതമാനം കേരളത്തിൽ നിന്നായിരുന്നു. കഴിഞ്ഞ വർഷം അത് 42.7 ശതമാനമായി ഇടിഞ്ഞു. യു.എ.ഇ, നെതർലൻഡ്, ജപ്പാൻ, സൗദി അറേബ്യ, ജർമ്മനി, ഫ്രാൻസ്, സ്‌പെയിൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും കശുഅണ്ടി കയറ്റി അയയ്ക്കുന്നത്. തോട്ടണ്ടി ഇറക്കുമതിയും കഴിഞ്ഞവർഷത്തേക്കാൾ ഇടിഞ്ഞിട്ടുണ്ട്. 2017-18ൽ 63,508 മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷം 43,341 മെട്രിക് ടൺ മാത്രമാണ് ഇറക്കുമതി ചെയ്തത്. 2018-19 വർഷം 29,062മെട്രിക് ടൺ കയറ്റുമതി ചെയ്തപ്പോൾ 2011-12ൽ 68,655 മെട്രിക് ടണായിരുന്നു കയറ്റുമതി ചെയ്തിരുന്നത്. 2017-18ൽ സംസ്ഥാനത്ത് 88,150 മെട്രിക് തോട്ടണ്ടിയാണ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചിരുന്നത്. കഴിഞ്ഞ വർഷം ഇത് 6 ശതമാനം ഇടിഞ്ഞ് 82, 899 മെട്രിക് ടണ്ണായി മാറി.