coorona-

കണ്ണൂർ: കൊറോണ കാലത്ത് പൊലീസിന്റെ സുരക്ഷ ഉറപ്പാക്കിയതുപോലെ ആരോഗ്യ വകുപ്പിലെ ആശുപത്രി ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യമുയർന്നു. ഗ്രേഡ് 2 കാറ്റഗറിയിൽ പെട്ടവർ രാപ്പകലില്ലാതെ സർക്കാർ ആശുപത്രികളിലെ കൊറോണ വാർഡുകളിൽ ജോലി ചെയ്യുന്നുണ്ട്.

രോഗി കിടക്കുന്ന മുറി ഓരോ മണിക്കൂർ ഇടവിട്ട് അണുനാശിനി ഉപയോഗിച്ച് കഴുകി ശുചീകരിക്കണം. കൂടാതെ രോഗിയുടെ മുറിയിലെ മുഴുവൻ മാലിന്യങ്ങളും ശേഖരിച്ച് നശിപ്പിക്കുകയും വേണം. മാത്രമല്ല രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്യാനുള്ള ചുമതലയും ഗ്രേഡ് 2 ജീവനക്കാരുടെ ചുമലിലാണ്. മുഴുവൻ സമയം മുഖാവരണം ധരിച്ച് ജോലി ചെയ്യുന്നതുകാരണം ഇവരിൽ പലരും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നിട്ടും അവധിപോലും വേണ്ടെന്ന് വച്ചാണ് ഗ്രേഡ് 2 ജീവനക്കാർ സേവന രംഗത്തുള്ളത്. ഇവരുടേതിൽനിന്ന് ഒട്ടും കുറവല്ലാത്ത സേവനമാണ് ഡോക്ടർമാരും നഴ്സുമാരും നടത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരം സാഹചര്യം നേരിടാൻ ചുമതലപ്പെട്ട ആശുപത്രി ജീവനക്കാർക്ക് റിസ്ക് അലവൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്ന പതിവുണ്ടായിരുന്നു. റിസ്ക് എന്ന വാക്കിന് എത്രയോ അപ്പുറത്തുള്ള ചുമതലയും ഉത്തരവാദിത്വവുമാണ് തന്റെയോ, കുടുംബത്തിന്റെയോ ജീവൻപോലും വകവയ്ക്കാതെ ആശുപത്രി ജീവനക്കാർ ചെയ്യുന്നത്. അതിനാൽ റിസ്ക് അലവൻസ് ഉൾപ്പെടെ ഇവർക്ക് ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞു.