കണ്ണൂർ: സ്വകാര്യ ഉടമസ്ഥതയിലുള്ള കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ഇന്നുമുതൽ സമ്പൂർണ കൊറോണ ആശുപത്രിയായി മാറ്റി. 400 രോഗികളെ ഒന്നിച്ച് കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ആശുപത്രിയിൽ തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യത്തെ സമ്പൂർണ കൊവിഡ് ആശുപത്രിയാണ് ഇത്. കൊറോണാ വൈറസ് ബാധിച്ചവരുടെ നിരക്കിൽ ഓരോ ദിവസവും ഉണ്ടാകുന്ന വർദ്ധനവും മരണസംഖ്യ കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാർ മെഡിക്കൽ കോളേജ് താത്കാലികമായി ഏറ്റെടുത്ത് കൊവിഡ് ആശുപത്രിയാക്കി മാറ്റിയത്.
10 വെന്റിലേറ്ററുകളും ആശുപത്രിയിൽ ഒരുക്കി. അടിയന്തരഘട്ടത്തിൽ കൂടുതലായി ആയിരം കിടക്കകൾ കൂടി ഉപയോഗിക്കാനുള്ള അടിസ്ഥാന സൗകര്യവും ഇവിടെ ഉണ്ട്. കൊവിഡ് പോസിറ്റീവായ രോഗികൾക്കും ലക്ഷണങ്ങൾ ഉള്ള രോഗികൾക്കും പ്രത്യേകം പ്രവേശന കവാടവും ഇവിടെയുണ്ട്. ഇതുകൊണ്ട് തന്നെ രോഗ ലക്ഷണങ്ങളുള്ളവരും നിരീക്ഷണത്തിലുള്ളവരും തമ്മിൽ സമ്പർക്കമില്ലാതെ ചികിത്സിക്കാൻ കഴിയും. ആറാമത്തെ നിലയിലാണ് വെന്റിലേറ്റർ സൗകര്യമുള്ള ഐ.സി.യു, ജനറൽ വാർഡ്, റൂമുകൾ എന്നിവയുള്ളത്. ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് ജീവനക്കാർ എന്നിവർക്ക് മൂന്നാമത്തെ നിലയിൽ താമസം ഒരുക്കും. രണ്ട് കൊറോണ ഒ.പി കളാണ് ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളത്. ഡോക്ടർമാർക്ക് വാക്കി ടോക്കി വഴിയും ഇന്റർകോം വഴിയും മറ്റ് ജീവനക്കാരുമായി സംസാരിക്കാൻ കഴിയും. ആറാം നിലയിലേക്ക് രോഗികൾക്ക് മാത്രം പോകാനുള്ള ലിഫ്റ്റും പോസിറ്റീവായി വരുന്നവർക്ക് താഴത്തെ നിലയിൽ പ്രത്യേകം ലിഫ്റ്റുമുണ്ട്. ആറാം നിലയിൽ വെന്റിലേറ്റർ സൗകര്യങ്ങളോടെ 30 കിടക്കകളുള്ള രണ്ട് ഐ.സിയുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. വൈറസ് ബാധയുള്ളവർക്ക് ചികിത്സ ലഭിക്കാതിരിക്കരുത് എന്ന സർക്കാരിന്റെ നയമാണ് ആശുപത്രി ഏറ്റെടുക്കാൻ പ്രേരണയായത്.