കണ്ണൂർ: ഡയാലിസിസ് ചെയ്ത് മടങ്ങുന്നതിനിടെ പൊലീസിന്റെ മർദ്ദനമേറ്റ വൃക്ക രോഗിയ്ക്ക് കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ സഹായം. കോൺഗ്രസ് നേതാവ് അരവിന്ദാക്ഷനും സംഘവുമാണ് പാച്ചേനിയുടെ നിർദ്ദേശ പ്രകാരം നിശാലിന്റെ തലശ്ശേരിയിലെ വീട്ടിലെത്തി സഹായം കൈമാറിയത്. മൂന്ന് മാസം ഒരു നിശ്ചിത തുക നൽകും.

കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്ന് ഡയാലിസിസ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് എസ്.ഐ സാക്ഷ്യപ്പെടുത്തിയ പൊലീസിന്റെ സത്യവാങ്മൂലം ഉണ്ടായിട്ടും തലശ്ശേരിയിൽവച്ച് ആക്രമിക്കപ്പെട്ടത്. മറ്റൊരാളുടെ ബൈക്കിൽ സഞ്ചരിച്ച നിശാൽ (28) സത്യവാങ്മൂലം കൈയ്യിൽ എടുക്കുന്നതിനിടെ പുറത്ത് ആറോളം തവണ ലാത്തികൊണ്ട് ആഞ്ഞടിക്കുകയായിരുന്നു. ‌ഡയാലിസിസിനൊക്കെ പോകുമ്പോൾ കാറിലൊക്കെ വേണം പോകാനെന്നായിരുന്നു കാര്യം മനസിലാക്കിയപ്പോൾ മറുപടി. ശാരീരിക അവശത അനുഭവപ്പെട്ടിട്ടും ഒന്ന് ആശ്വസിപ്പിക്കാൻ പോലും കണ്ണിൽ ചോരയില്ലാത്ത കാക്കിപ്പട തയ്യാറായിരുന്നില്ല.

അഴീക്കലിൽ എസ്.പി യതീഷ്ചന്ദ്രയുടെ നേതൃത്വത്തിൽ നാട്ടുകാരെ കൊണ്ട് ഏത്തം ഇടീപ്പിച്ച സംഭവമടക്കം വിവാദമായിരുന്നു. ഇതിനേക്കാൾ ക്രൂരമായാണ് ഈ യുവാവിനോട് കാട്ടിയതെന്ന് കിഡ്‌നി കെയർ കേരള ചെയർമാൻ പി.പി. കൃഷ്ണൻ പറയുന്നു. ഉദാരമതികളുടെ സഹായത്തോടെ നാല് വർഷം മുൻപ് ഇരുപത് ലക്ഷം രൂപ ചെലവിലാണ് യുവാവിന് വൃക്ക മാറ്റിവച്ചത്. അടുത്തിടെ പനി ബാധിച്ചതോടെ വൃക്ക നഷ്ടമായി. ഇതോടെയാണ് വീണ്ടും ഡയാലിസിസ് തുടങ്ങിയത്.

മാതൃ സഹോദരിയുടെ കൂടെ തറവാട്ടിൽ കഴിയുന്ന യുവാവിന്റെ പിതാവ് മുംബയിൽ ടെയ്ലറിംഗ് തൊഴിലാളിയാണ്. ലോക്ക്ടൗൺ തുടങ്ങിയതോടെ ഇദ്ദേഹത്തിന് സാമ്പത്തിക ശേഷി ഇല്ലാതായിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിന്റെ സഹായം ചെറിയൊരു ആശ്വസമാണെങ്കിലും യുവാവിന്റെ ആരോഗ്യ സ്ഥിതി വീണ്ടെടുക്കാൻ കാരുണ്യമുള്ളവരുടെ സഹായം കൂടിയേ തീരുവെന്ന് കൃഷ്ണൻ പറയുന്നു. സഹായമനസ്കതയുള്ളവർക്ക് ഇദ്ദേഹത്തെ ബന്ധപ്പെടാം. ഫോൺ: 9446672543