കാസർകോട്. കർണാടകയുടെ ക്രൂരത കാരണം കാസർകോട് ഒരാൾകൂടി മരിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പേരിൽ കർണാടകം അതിർത്തി അടച്ചതിന് വിദഗ്ധ ചികിത്സ കിട്ടാതെ മഞ്ചേശ്വരം സ്വദേശി ശേഖർ (49) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു ചികിത്സ. ഇതോടെ അതിർത്തി അടച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സ കിട്ടാതെ ജില്ലയിൽ മരിച്ചവരുടെ എണ്ണം ആറായി.
മംഗളൂരിവിൽ ചികിത്സയിലായിരുന്ന 2 പേർ ഇന്നലെ മരിച്ചിരുന്നു. മഞ്ചേശ്വരം തുമിനാട് സ്വദേശി മാധവൻ, കുഞ്ചത്തൂർ സ്വദേശി ആയിഷ എന്നിവരാണ് ഇന്നലെ മരിച്ചവർ. ഇരു സംസ്ഥാനങ്ങൾക്കും അതിരിടുന്ന തലപ്പാടിക്ക് അടുത്തുള്ളവരാണ് ഇരുവരും. ഇവർക്ക് മംഗളൂരുവിലുള്ള ആശുപത്രിയിൽ എത്താൻ 10 കിലോ മീറ്ററിൽ താഴെ യാത്ര ചെയ്താൽ മതിയാകും. എന്നാൽ കാഞ്ഞങ്ങാടുള്ള ജില്ലാ ആശുപത്രിയിൽ എത്തണമെങ്കിൽ 75 കിലോ മീറ്ററിലധികം സഞ്ചരിക്കണം. മംഗലാപുരത്തേക്കുള്ള അതിർത്തി അടച്ചതിനാൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കാണ് മാധവനെ കൊണ്ടുപോയത്. വഴിമധ്യേ ആംബുലൻസിൽ വച്ച് വൈകിട്ട് 5.15 ഓടെയായിരുന്നു മാധവന്റെ മരണം.
ആയിഷയെ അത്യാസന്ന നിലയിൽ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നില അതീവ ഗുരുതരമായതിനാൽ ഇവരെ മംഗലാപുരത്തേക്ക് കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതർ നിർദ്ദേശിച്ചു. ഇത് സാധ്യമല്ലാത്തതിനാൽ ഇവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേ ഉദുമയിൽ വച്ചാണ് മരണം സംഭവിച്ചത്.