കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ വേണ്ടത്ര ശുചിത്വമില്ലെന്ന് പരാതിയുയർന്നതിന് പിറകെ സന്ദർശനത്തിനെത്തിയ പൂച്ചകളെ മൃഗസംരക്ഷണ വകുപ്പ് പിടികൂടി 'കൊറോണ' നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസമാണ് കൊറോണ രോഗികളെ പാർപ്പിച്ച ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പൂച്ചകളെത്തിയതിന്റെ ദൃശ്യം സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിനു പിന്നാലെയാണ് ഈ പൂച്ചകളെ പിടികൂടാൻ തീരുമാനിച്ചത്.

വെറ്ററിനറി സർജന്മാരായ ഡോ. ഫാബിൻ പൈലി, ഡോ. അശ്വിൻ എന്നിവർ അടങ്ങിയ സംഘം കൊറോണ പ്രതിരോധ വസ്ത്രം ഉൾപ്പെടെ ധരിച്ച് പട്ടിപിടുത്തക്കാരുടെ സഹായത്തോടെ പൂച്ചകളെ വലയിട്ടു പിടികൂടി റെയിൽവേ സ്റ്റേഷൻ റോഡിൽ മൃഗസംരക്ഷണ വകുപ്പിന്റെ എ.ബി.സി കേന്ദ്രത്തിലേക്കു മാറ്റി. രണ്ട് ആൺ പൂച്ചകളും ഒരു പെൺപൂച്ചയും രണ്ട് കുഞ്ഞുങ്ങളുമാണ് ആശുപത്രിയിലുണ്ടായിരുന്നത്. എ.ബി.സി കേന്ദ്രത്തിൽ ബംഗാൾ സ്വദേശികളായ പട്ടിപിടുത്തക്കാരുടെ പരിചരണത്തിലാണ് പൂച്ചകൾ കഴിയുന്നത്. പാലും മറ്റു ഭക്ഷണവുമാണ് ഇതിന് ഇപ്പോൾ നൽകുന്നത്.

കൊറോണ ലോക്ഡൗൺ കാരണം നായപിടുത്തം നടക്കുന്നില്ല. ബംഗാൾ സ്വദേശികൾ പോയാൽ എവിടെ ഇവയെ പാർപ്പിക്കുമെന്ന തലപുകച്ചിലിലാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ.