കാഞ്ഞങ്ങാട്: കൊറോണ സ്ഥിരീകരിച്ച കാഞ്ഞങ്ങാട് നഗരത്തിലെ ഒരു വിദ്യാലയത്തിൽ പഠിച്ചിരുന്ന എസ് എസ് എൽ സി വിദ്യാർത്ഥിനിക്കു പിന്നാലെ രോഗം സ്ഥിരീകരിച്ചത് കുട്ടിയുടെ മാതാവിനും പിതൃമാതാവിനും സഹോദരനും സഹോദരിക്കും. ഇതോടെ കാഞ്ഞങ്ങാട് നരസഭയിലെ അലാമിപ്പള്ളിയിൽ താമസിക്കുന്ന കുടുംബത്തിലെ തന്നെ ആറു പേർ രോഗ ബാധിതരായി. മാർച്ച് 17 ന് ദുബൈയിൽ നിന്നെത്തിയ പെൺകുട്ടിയുടെ പിതാവിനാണ് ആദ്യം കൊറോണ സ്ഥിരീകരിച്ചത്.
വീട്ടുകാരുമായുള്ള സമ്പർക്കത്തെ തുടർന്ന് അതിന് പിന്നാലെ എസ് .എസ്. എൽ. സി വിദ്യാർത്ഥിനിയായ 16 കാരിക്കും കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നാണ് കുട്ടിയുടെ 40 വയസുള്ള മാതാവിനും 80 വയസുള്ള പിതൃമാതാവിനും 19 വയസുള്ള സഹോദരനും 13 വയസുള്ള സഹോദരിക്കും കൊറോണ വൈറസ് പോസിറ്റിവ് ആയത്. ഇനി ഇളയ സഹോദരി ആറുവയസുകാരിയുടെ പരിശോധനാഫലം പുറത്തുവരാനുണ്ട്. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 80 കാരിയെ പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന 40 കാരിയെയും മക്കളേയും ജില്ലാ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
നേരത്തെ രോഗം സ്ഥിരീകരിച്ച എസ് .എസ്. എൽ.സി വിദ്യാർത്ഥിനി മാർച്ച് 19 വരെ സ്‌കൂളിൽ എത്തി പരീക്ഷ എഴുതിയിരുന്നു. പെൺകുട്ടിയുടെ കൂടെ പരീക്ഷ എഴുതിയിരുന്ന വിദ്യാർത്ഥികളും ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപകരുമൊക്കെ ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ച 40 കാരി ഒരു മെഡിക്കൽ ഷോപ്പിൽ ഉൾപ്പെടെ പോയിരുന്നതായി വിവരമുണ്ട്. പരീക്ഷ എഴുതിയ പെൺകുട്ടി രണ്ട് ദിവസം ബസിൽ യാത്ര ചെയ്തിരുന്നു. 19 കാരൻ സുഹൃത്തുക്കൾക്കൊപ്പം ഫുട്‌ബോൾ കളിച്ചിരുന്നതായും വിവരമുണ്ട്. കടകളിലും സ്ഥാപനങ്ങളിലും പോയിട്ടുണ്ട്. 13 കാരി അലാമിപ്പള്ളിയിലെ ഏതാനും കടകളിൽ പോയിരുന്നതായും പറയുന്നു. ഈ കുടുംബം താമസിച്ചിരുന്ന പ്രദേശവും പരിസരവും അധികൃതർ ഇപ്പോൾ പൂർണ്ണമായും ലോക് ഡൗൺ ആക്കിയിട്ടുണ്ട്. സമ്പർക്ക പട്ടികയുടെ വിവരങ്ങൾ ശേഖരിച്ചു പൊലീസും ആരോഗ്യവകുപ്പ് അധികൃതരും ഇവിടങ്ങളിൽ കർശനമായ നിരീക്ഷണം നടത്തിവരികയാണ്.