ചെറുവത്തൂർ: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ, പുറത്തിറങ്ങാൻ കഴിയാതെ താമസസ്ഥലത്ത് കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികളടക്കമുള്ള നിർധനർക്കായി ചെറുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗജന്യമായി വിതരണം ചെയ്യാനായി ചെറുവത്തൂരിൽ ആരംഭിച്ച സമൂഹ അടുക്കള സജീവം.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ചു വരുന്ന അതിഥി തൊഴിലാളികൾക്ക് ദിവസവും ഉച്ചയ്ക്കും വൈകീട്ടമായി രണ്ടു നേരങ്ങളിൽ ഭക്ഷണ വിതരണം മുടങ്ങാതെ നടത്തുന്നുണ്ട്. ചെറുവത്തൂർ ഗവ. വെൽഫെയർ സ്കൂളിലാണ് ഭക്ഷണം പാകം ചെയ്യുന്നതും പാക്കു ചെയ്യുന്നതും. ഇരുപതോളം സന്നദ്ധ പ്രവർത്തകരാണ് കിച്ചന്റെ കരുത്ത്.

ദിവസവും ശരാശരി 600-ാളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തുവരുന്നുണ്ട്. എന്നാൽ മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുളള തൊഴിലാളികൾ ചപ്പാത്തിയോട് ആഭിമുഖ്യം കാണിക്കുന്നവരായതുകൊണ്ട് അത്തരക്കാർക്ക് ആട്ട, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ സാധനങ്ങൾ വിതരണം ചെയ്തു വരുന്നുമുണ്ട്.

സാമൂഹ്യ സ്നേഹികളുടെ സഹകരണം കൊണ്ടാണ് ഇത്രയും നാൾ ഭക്ഷണ വിതരണം നടന്നത്. എന്നാൽ വരും ദിവസങ്ങളിലും ഇത് തുടരേണ്ടതുള്ളതുകൊണ്ട് വിഭവ സമാഹരണം അനിവാര്യമായി വന്നിരിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ പറഞ്ഞു. ഇതിനായി നാട്ടുകാരുടെ സഹകരണം തേടുകയാണ് പഞ്ചായത്ത്.

പടം...കമ്യൂണിറ്റി കിച്ചൻ...

ചെറുവത്തൂരിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കള