കൂത്തുപറമ്പ്: മേഖലയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാൻ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനം. ഡപ്യൂട്ടി ഡി.എം.ഒ ഡോ: മോഹനന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം കൈക്കൊണ്ടത്.

ഏഴോളം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത മൂര്യാട് ഭാഗത്താണ് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്. നിരീക്ഷണത്തിലുള്ളവരും അവരുടെ വീടുകളിൽ കഴിയുന്നവരും ഒരു കാരണവശവും പുറത്തിറങ്ങരുതെന്നാണ് അധികൃതരുടെ നിർദ്ദേശം. സംശയനിഴലിൽ കഴിയുന്നവർക്കുള്ള ഭക്ഷണം, മരുന്നുകൾ, എന്നിവ വീടുകളിലെത്തിച്ച് നൽകും.

ഇത് സംബന്ധിച്ച് നഗരസഭാ അധികൃതർ പ്രദേശത്ത് മൈക്ക് അനൗൺസ്മെന്റ് നടത്തി വരികയാണ്. അതോടൊപ്പം വാർഡ് കൗൺസിലർ, ആശാവർക്കർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ഡി-അഡീഷണൽ സെൻ്റർ തുടങ്ങാനുള്ള സൗകര്യവും ഒരുക്കും. നഗരസഭാ ചെയർമാൻ എം.സുകുമാരന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: എം.പി. ജീജ, ടെക്നിക്കൽ അസി.സുനിൽ ദത്ത്, നഗരസഭാ സെക്രട്ടറി കെ.കെ. സജിത്ത് കുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.രാമകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.