ആലക്കോട് : ലോക്ക് ഡൗൺ ഒരാഴ്ച പിന്നിട്ടപ്പോൾ മലയോര മേഖലയിൽ പച്ചക്കറി ക്ഷാമം രൂക്ഷമായി. ആലക്കോട്, കരുവൻചാൽ ,തേർത്തല്ലി , നടുവിൽ, ചെമ്പേരി തുടങ്ങിയ പ്രധാന ടൗണുകളിലൊന്നും പച്ചക്കറി കിട്ടാനില്ല. പ്രധാനമായും കർണാടകത്തിൽ നിന്നാണ് പഴങ്ങളും പച്ചക്കറികളും ഇവിടേയ്‌ക്ക് എത്തിച്ചിരുന്നത്. കർണാടക സർക്കാർ കേരളത്തിലേയ്‌ക്കുള്ള റോഡുകൾ മണ്ണിട്ട് അടച്ചതോടെ മലയോരത്തേയ്‌ക്കുള പച്ചക്കറി വരവും നിലച്ചു. സ്റ്റോക്കുണ്ടായിരുന്ന സാധനങ്ങൾ തീർന്നതിനാൽ മിക്ക കടകളിലും പ്രാദേശികമായി ലഭിക്കുന്ന വാഴക്കുലകൾ, പയർ, പാവയ്‌ക്ക, തുടങ്ങിയവയാണ് വിൽക്കുന്നത്. വല്ലപ്പോഴും പുറമെ നിന്ന് എത്തിക്കുന്ന പച്ചക്കറി അപ്പോൾതന്നെ വിറ്റുതീരുകയാണ്.
പലചരക്കുകടകളിലും സാധനങ്ങൾക്ക് ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. പച്ചമീൻ വരവ് നിലച്ചതിനാൽ ഉണക്കമത്സ്യത്തിനും വൻ ഡിമാന്റാണ്. നിത്യോപയോഗ സാധനങ്ങൾക്കുള്ള ക്ഷാമവും വിലക്കയറ്റവും പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ഇരിക്കൂർ നിയോജകമണ്ഡലം ട്രഷറർ വി.എ.റഹീം, മണ്ഡലം ജനറൽ സെക്രട്ടറി ഷമീർ നടുവിൽ എന്നിവർ മന്ത്രി പി തിലോത്തമന് ഇ മെയിലിൽ നിവേദനം അയച്ചിട്ടുണ്ട്.