തൃക്കരിപ്പൂർ: ലോകത്ത് ഭീതിജനകമായ സാഹചര്യം സൃഷ്ടിച്ച ഈ കൊറോണക്കാലത്ത് മനുഷ്യരെ ആശ്രയിച്ചു കഴിയുന്ന ഒരു ജീവികളും പട്ടിണിയിലാകരുതെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉറപ്പു വരുത്താൻ എം.രാജഗോപാലൻ എം .എൽ. എ ഇടയിലക്കാട് കാവിലെത്തി. മനുഷ്യരോട് ഏറെ ഇണക്കമുള്ള ഇവിടുത്തെ വാനരക്കൂട്ടത്തിന് ഭക്ഷണം നൽകാനായിരുന്നു എം.എൽ.എയുടെ വരവ്.

കൊറോണ വൈറസ് രോഗ പകർച്ചയുടെ പശ്ചാത്തലത്തിൽ നാടിന്നാകെ താഴ് വീണപ്പോൾ തെരുവിലെ പട്ടികളും കാവുകളിലെ കുരങ്ങുകളും പട്ടിണിയാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ചാണ് ചൊവ്വാഴ്ച ഉച്ചയോടെ എം രാജഗോപാലൻ എം .എൽ .എ തന്റെ മണ്ഡലത്തിൽപ്പെട്ട വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ ഇടയിലെക്കാട് കാവിലേക്കെത്തിയത്.കഴിഞ്ഞ ഇരുപത് വർഷമായി കാവിലെ കുരങ്ങുകളെ അന്നമൂട്ടുന്ന ചാലിൽ മാണിക്കമ്മ അസുഖം മൂലം വീട്ടിൽ വിശ്രമിക്കുന്നതിനാൽ ഓട്ടോറിക്ഷ ഡ്രൈവറായ കെ മഹേഷും നാട്ടുകാരും കാവു കാണാനെത്തുന്ന സഞ്ചാരികളുമാണ് ഇവയ്ക്ക് ഭക്ഷണം കൊടുത്തു വരുന്നത് .ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയവും ഇവയ്ക്ക് ഭക്ഷണംനൽകാൻ മുന്നിട്ടിറങ്ങാറുണ്ട്.

കൊറോണഭീതി നാടിനെയാകെ ആളനക്കമില്ലാത്ത അവസ്ഥയിലേക്ക് നയിച്ചതിനാൽ കാവിലേക്കുള്ള സഞ്ചാരികളുടെ വരവും വാനരർക്ക് ഇവർ നൽകുന്ന ഭക്ഷണവും കിട്ടാതായിട്ടുണ്ട്. മഹേഷും നാട്ടുകാരും കൊടുത്ത വരുന്ന വിഭവങ്ങളുമാണ് ഇപ്പോഴത്തെ ഏക ആശ്രയം. മഹേഷ് കൊണ്ടുവന്ന ഉപ്പു ചേർക്കാത്ത ചോറുരുളകൾ എം .എൽ. എ നൽകിയപ്പോൾ കുരങ്ങുകൾ രുചിയോടെ അത് കഴിച്ചു . കശുമാങ്ങയുംകക്കിരിയും ക്യാരറ്റും നിറച്ചുനിരത്തിവെച്ച പാത്രത്തിൽ നിന്ന് അവർ അവയൊക്കെ കൊതിയോടെ വാരിത്തിന്നു.

ചെരിപ്പ് കാവിന് പുറത്തഴിച്ചു വെച്ച് മുഖത്ത് മാസ്കും ധരിച്ചാണ് എം.എൽ.എ കാവിനകത്തേക്ക് കയറി വാനരക്കൂട്ടത്തെ ഊട്ടിയത്.അടുത്ത ഒരു മാസത്തേക്ക് വാനരർക്ക് ആവോളം ഭക്ഷണം കഴിക്കാനുള്ള സംവിധാനം ഉറപ്പു വരുത്തിയാണ് എം എൽ എ കാവുവിട്ടത്. വലിയപറമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ വി കെ കരുണാകരൻ, നവോദയ ഗ്രന്ഥാലയം സെക്രട്ടറി പി വേണുഗോപാലൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു