കാഞ്ഞങ്ങാട്: അതിർത്തി അടച്ച് വെല്ലുവിളി ഉയർത്തിയ കർണാടകത്തിനു ആ വെല്ലുവിളി സ്വീകരിച്ച് ഒരു രോഗിയുടെ ജീവൻ രക്ഷിച്ച അനുഭവമാണ് .പുല്ലൂർ ചാലിങ്കാലിലെ യശോദ(62)​ എന്ന വീട്ടമ്മയുടെ ജീവൻ പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്തിന്റെ ആംബുലൻസ് ഡ്രൈവർ സുഭാഷ്. രക്ഷിച്ചെടുത്തത് തലപ്പാടിയിൽ കർണാടക പൊലീസ് ഒരുക്കിയ സുരക്ഷാസംവിധാനങ്ങളെയെല്ലാം ബോധപൂർവം മറികടന്നായിരുന്നു.

കൈകാണിച്ചിട്ടും വകവെക്കാതെ ബാരിക്കേഡുകൾക്കിടയിലൂടെ ഓടിച്ച ആംബുലൻസ് മംഗളൂരു ഇന്ത്യാന ആശുപത്രിയിയ്ക്ക് മുന്നിൽ എത്തിയപ്പോൾ കൃത്യസമയത്ത് എത്തിച്ചത് ഭാഗ്യമായെന്നായിരുന്നു ഡോക്ടർമാരുടെ പ്രതികരണം.

ആംബുലൻസിൽ യശോദയുടെ മകളും രണ്ട് ബന്ധുക്കളുമാണ് ഉണ്ടായിരുന്നത്. ഇപ്പോഴും മംഗളൂരുവിൽ ചികിത്സയിൽ തുടരുന്ന യശോദയുടെ മകൾ പറഞ്ഞതിങ്ങനെ,​ തിങ്കളാഴ്ച വൈകുന്നേരം 7 മണിയോടെ അമ്മ തളർന്ന് വീണു..ആദ്യം കാഞ്ഞങ്ങാട് സഞ്ജീവനി ഹോസ്പിറ്റലിലാണ് എത്തിച്ചത്. രക്തസമ്മർദ്ദം വർദ്ധിച്ച് ഞരമ്പു പൊട്ടി തലയിൽ ചോര കട്ടകെട്ടുന്ന സ്ഥിതിയിലെത്തിയിരുന്നു. എത്രയും പെട്ടെന്ന് മംഗളൂരുവിൽ എത്തിച്ചാൽ രക്ഷപ്പെടും എന്നും അവർ പറഞ്ഞു. എങ്ങനെ എത്തിക്കും എന്ന് ആലോചിപ്പോൾ പാതി ചത്തതുപോലെയായി . അപ്പോഴാണ് അമ്മയേ ആംബുലൻസിൽ കയറ്റാൻ സുഭാഷ് പറഞ്ഞത്. പിന്നെ നടന്നതെല്ലാം ശരിക്കും സിനിമയിൽ കാണുന്നത് പോലെയായിരുന്നു..തലപ്പാടിയിൽ പൊലീസ് കൈകാണിച്ചപ്പോൾ ബാരിക്കേഡിന് ഇടയിലൂടെ ഒരുപോക്കായിരുന്നു.. കൃത്യസമയത്ത് തന്നെ ഹോസ്പിറ്റലിൽ എത്തിച്ച സുഭാഷിന് നന്ദി..

തിരിച്ച് അതിർത്തിയിലെത്തിയപ്പോൾ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെങ്കിലും അതൊന്നും ഗൗനിക്കാതെ താൻ നാട്ടിലേക്ക് തിരിച്ചുവെന്ന് സുഭാഷ് പറഞ്ഞു. അതിർത്തിയിൽ ആംബുലൻസ് തടഞ്ഞതുമൂലം ആറ് ജീവനുകളാണ് ഇന്നലെ വരെ തലപ്പാടി അതിർത്തിയിൽ പൊലിഞ്ഞത്.