ഇരിട്ടി : ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് പരിശോധന നടത്തിയ ഡോക്ടർ ഉൾപ്പെടെ ഏഴ് ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലായി. ഇതിൽ ഒരു ആരോഗ്യപ്രവർത്തകയെ പനിയും അസ്വസ്ഥതകളും ഉണ്ടായതിനെത്തുടർന്ന് കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽകോളേജിൽ ഐസൊലേഷൻ ബ്ലോക്കിലേക്ക് മാറ്റി.
രോഗബാധിതനായ ഉളിയിൽ നരയമ്പാറ സ്വദേശിയായ 24കാരൻ കഴിഞ്ഞ 19 നാണ് ചികിത്സക്കായി എത്തിയത്.നേരിയ സൂചനകൾ ഉണ്ടായിരുന്നതിനാൽ അന്ന് മുതൽ ഇയാൾ ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണത്തിലായിരുന്നു. പിന്നീട് 24 ന് വീണ്ടും ആശുപത്രിയിൽ എത്തുകയും അസുഖം കൂടുതലുള്ളതിനാൽ 108 ആംബുലൻസിൽ പരിയാരം ഗവ. മെഡിക്കൽകോളേജിലേക്ക് മാറ്റുകയുമായിരുന്നു,. യുവാവിന്റെ പിതാവിനും അസുഖം ഉണ്ടായിരുന്നെങ്കിലും ഇയാളുടെ ഫലം നെഗറ്റിവാണ്. കഴിഞ്ഞ 24 മുതൽ പതിനാല് ദിവസത്തേക്കാണ് ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണകാലം. ദുബായിൽ നിന്നും എത്തിയ ഇയാൾ പുറത്തിറങ്ങി നടന്നിട്ടുണ്ടോയെന്നും ആരെല്ലാമായി നാട്ടിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും എവിടെയെങ്കിലും സഞ്ചരിച്ചിട്ടുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്.