നീലേശ്വരം: കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ ഫലമായി പാൽ സംഭരണവും നിർത്തുന്നു. ഇതിനു മുന്നോടിയായി ഇന്നു മുതൽ മലബാർ മേഖലയിൽ സഹകരണ സംഘങ്ങൾ വഴി സംഭരിക്കുന്ന പാൽ സംഭരണം ക്രമപ്പെടുത്തിയിട്ടുണ്ട്. ഇന്നു മുതൽ ക്ഷീരകർഷകർ ഇപ്പോൾ അളക്കുന്ന പാലിന്റെ 50 ശതമാനം മാത്രമെ സംഘങ്ങൾ വാങ്ങുകയുള്ളു.
അസംഘടിമേഖല മുഴുവനും ദുരിതത്തിൽ അകപ്പെട്ടപ്പോൾ ക്ഷീരകർഷകർക്ക് മാത്രമാണ് ദിവസവരുമാനം ലഭിച്ചുകൊണ്ടിരുന്നത്. കാലിത്തീറ്റയ്ക്കും വൈക്കോലിനും കടുത്ത ക്ഷാമം നേരിടുമ്പോഴും ക്ഷീര കർഷകർ പിടിച്ചു നിൽക്കുന്നതിനിടെ പാൽ സംഭരണം ഇല്ലാതായാൽ അത് ഗ്രാമങ്ങളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.
പാൽ സംഭരണം നിർത്തുന്നതോടെ ബാക്കി വരുന്ന പാൽ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ക്ഷീര കർഷകർ.
പാൽ സംഭരണം നിർത്തുന്നതോടെ വെട്ടിലാവുന്നത് ക്ഷീര കർഷകരാണ്. കാലിത്തീറ്റയ്ക്കും വൈക്കോലിനും വിലക്കയറ്റമുണ്ടായിട്ടും ഒരു ജീവിതമാർഗം എന്ന നിലയിലാണ് ക്ഷീര കർഷകർ പിടിച്ചു നിൽക്കുന്നത്. മിൽമ ബൂത്തുകൾ മാത്രമായി തുറന്നു പ്രവർത്തിക്കുക. മിച്ചം വരുന്ന പാൽ, പാൽപൊടിയാക്കുന്നതിനാവശ്യമായ ഡയർ പ്ലാന്റ് മലബാർ മേഖലയിൽ അടിയന്തിരമായി തുറന്ന് പ്രവർത്തിക്കാൻ നടപടി സ്വീകരിക്കുക.
മാമുനി വിജയൻ. അപ്‌കോസ് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ്
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പാലിന്റെ വില്പന കുറഞ്ഞു. തമിഴ്നാടിലേക്ക് പാൽ കൊണ്ടുപോകാൻ കഴിയുന്നില്ല. പ്രതിസന്ധി തീരുന്നത് വരെ ക്ഷീരകർഷകരെ സഹായിക്കാനാണ് സംഘങ്ങൾ വഴി പകുതിപാൽ സംഭരിക്കുന്നത്.
അജിത് കുമാർ, മിൽമ കാസർകോട് ഡയറി അസിസ്റ്റന്റ് മാനേജർ