കണ്ണൂർ: ലോക്ക് ഡൗണിൽ കർശന പരിശോധനയും നടപടിയും സ്വീകരിക്കുന്നതിൽ പൊലീസ് അയവുവരുത്തിയതോടെ നഗര റോഡുകളിൽ കൂടുതൽ വാഹനങ്ങളും ആൾക്കൂട്ടവും. ഞായറാഴ്ചയ്ക്ക് ശേഷം വാഹനങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. എന്നാൽ ആഴ്ച ആരംഭത്തിലായതിനാൽ ആവശ്യസാധനങ്ങൾക്കായി ആളുകൾ കൂടുതൽ പുറത്തിറങ്ങിയതാണ് ഇതിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

തിങ്കളാഴ്ച ആകെ അഞ്ചു കേസുകൾ മാത്രമാണ് പൊലീസ് ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. മൂന്ന് വാഹനങ്ങൾ പിടികൂടുകയും ചെയ്തു. നാലുദിവസം മുമ്പത്തെ കണക്കിൽ 342 കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തത്. അന്ന് 75 വാഹനങ്ങൾ പിടികൂടുകയും ചെയ്തിരുന്നു. ഇതിൽ നിന്ന് പൊലീസ് പിന്നോക്കം പോയെന്നാണ് ആരോപണം.

ഇന്നലെയും കഴിഞ്ഞ ആഴ്ചയിലെ അവസാനദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങി. കാറുകളിൽ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി കൂടുതൽ പേർ യാത്ര ചെയ്യുന്ന കാഴ്ചയുമുണ്ടായിരുന്നു. കൂടാതെ കടകളിൽ കൂടുതൽ പേർ ഒരുമിച്ചെത്തി സാധനങ്ങൾ വാങ്ങിക്കുന്നുമുണ്ടായിരുന്നു. കഴിഞ്ഞദിവസം മാർക്കറ്റിൽ പച്ചക്കറി കടകളിലും മറ്റും അത്യാവശ്യം തിരക്കനുഭവപ്പെട്ടതും കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നിർദ്ദേശിച്ച സുരക്ഷിത അകലമൊക്കെ ലംഘിച്ചുകൊണ്ടായിരുന്നു.

കറങ്ങുന്നവരുമുണ്ട്

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വൈകിട്ട് യുവാക്കൾ നഗരത്തിൽ കറങ്ങിനടക്കുന്ന കാഴ്ചയുമുണ്ടായി. ഇരുട്ടുവീണ വഴികളിലൂടെ ബൈക്കിൽ മൂന്നുപേരൊക്കെ കയറിയായിരുന്നു സഞ്ചാരം. കഴിഞ്ഞദിവസം റോഡരികിൽ കൂട്ടംകൂടി നിന്നവരെ ജില്ലാ പൊലീസ് മേധാവി പിടികൂടി ഏത്തമിടീച്ചത് വിവാദമായിരുന്നു. എന്നാൽ രണ്ടുദിവസമായി റോഡരികിൽ കൂട്ടംകൂടിയിരിക്കുന്നവരുടെ എണ്ണവും കൂടിയതായാണ് പറയുന്നത്. ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം കൂടിയിരിക്കെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുകയാണ്.