കണ്ണൂർ: വില്പന കുറഞ്ഞതോടെ പ്രതിസന്ധിയിലായ മിൽമ പാൽ ശേഖരിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയത് ക്ഷീര കർഷകരുടെ ആധിയേറ്റി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അധികമായി വന്ന പാൽ ഏറ്റെടുക്കാൻ തമിഴ്നാടും തയ്യാറാകാതെ വന്നതോടെയാണ് ക്ഷീരസംഘങ്ങളിൽ നിന്ന് ശേഖരിക്കുന്ന പാലിന്റെ അളവ് നിയന്ത്രിക്കാൻ മിൽമ മലബാർ മേഖല തീരുമാനിച്ചിരിക്കുന്നത്. ഇന്ന് പാൽ ശേഖരിക്കില്ലെന്നും നാളെ മുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നുമാണ് അറിയിപ്പ്.
ദിവസേന ആറ് ലക്ഷം ലിറ്റർ പാലായിരുന്നു മലബാറിൽ നിന്ന് മാത്രം മിൽമ സംഭരിച്ചിരുന്നത്. മറ്റ് ഉൽപ്പന്നങ്ങൾ നിർമിച്ച ശേഷവും എടുക്കുന്ന പാലിന്റെ പകുതിയോളം മാത്രമേ വിറ്റ് പോയിട്ടുണ്ടായിരുന്നുള്ളൂ. ഇങ്ങനെ ബാക്കിയാവുന്ന പാൽ ചെറിയൊരളവിൽ തിരുവനന്തപുരം യൂണിറ്റിലേക്ക് കയറ്റി അയച്ച ശേഷം ബാക്കി തമിഴ്‌നാട്ടിലേക്ക് അയച്ച് പാൽപൊടിയാക്കി സൂക്ഷിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത് കാരണം കർഷകരിൽ നിന്നും പാൽ സംഭരിക്കുന്നത് കുറക്കേണ്ടിയും വന്നിരുന്നില്ല. ഇതിന് തടസമുണ്ടായതോടെയാണ് സംഭരണം ഒരു ദിവസം നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.
മലബാറിൽ പാലക്കാട്, വയനാട് ജില്ലകളിലാണ് കൂടുതൽ പാൽ ഉത്പാദനം നടക്കുന്നത്. മലബാർ മേഖലയിൽ 9 ലക്ഷം ലിറ്ററോളം പാൽ ഇപ്പോൾ അധികമായുണ്ട്. ഒരു ദിവസം സംഭരണം നിർത്തിവച്ചാൽ ഒരു പരിധിവരെ ഇത് കുറച്ചുകൊണ്ടുവരാനും അടുത്തദിവസം ഡയറികളുടെ പ്രവർത്തനം സുഖമമാക്കാനും സാധിക്കുമെന്നാണ് മിൽമ മലബാർ മേഖല അധികൃതർ പറയുന്നത്. എന്നാൽ ഇത്രയും പാൽ കർഷകർ ഇന്ന് എന്തുചെയ്യുമെന്ന ആശങ്ക നിലനിൽക്കുന്നു.
കാലിത്തീറ്റ വിതരണവും
പ്രതിസന്ധിയിൽ
മിൽമയിൽ നിന്നും ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്യുന്നതിലും ലോക്ക് ഡൗൺ മൂലം പ്രതിസന്ധി നേരിടുന്നു. വാഹന ഡ്രൈവർമാരുടെ ക്ഷാമമാണ് പ്രശ്നം.
മലബാറിൽ മൊത്തം ഉദ്പാദനം 9 ലക്ഷം ലിറ്റർ
മലബാറിൽനിന്ന് പ്രതിദിനം സംഭരിക്കുന്നത് 6 ലക്ഷം ലിറ്റർ
കണ്ണൂർ ജില്ലയിൽ ഇപ്പോൾ വിപണനം നടക്കുന്നത് 50000 ലിറ്റർ
കാസർകോട് ജില്ലയിൽ 48000 ലിറ്റർ