കാസർകോട്:കൊറോണ രോഗം പടരുന്നതിന്റെ പശ്ചാത്തലത്തിൽ തലപ്പാടിയിൽ കർണാടകം അതിർത്തി അടച്ചതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സ കിട്ടാതെ ഒരാൾകൂടി മരിച്ചു. മഞ്ചേശ്വരത്തെ ശേഖർ (49) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് നേരത്തെ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. ഇന്നലെ വീട്ടിൽ വച്ച് അവശനിലയിലായതിനെതുടർന്ന് അങ്ങോട്ട് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ബാരിക്കേഡ് മാറ്റാൻ പൊലീസ് അനുവദിച്ചില്ല.
അതിർത്തി അടച്ചതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സ കിട്ടാതെ കാസർകോട്ട് മരിച്ചവരുടെ എണ്ണം ഇതോടെ ആറായി.
മംഗളൂരുവിൽ പോയി ചികിത്സ തേടാൻ കഴിയാതെ തിങ്കളാഴ്ച രണ്ട് പേർ മരിച്ചിരുന്നു. കുഞ്ചത്തൂരിലെ മാധവ, ആയിഷ എന്നിവരാണ് മരിച്ചത്. മംഗളൂരുവിലേക്കുള്ള അതിർത്തി അടച്ചതിനാൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കാണ് മാധവനെ കൊണ്ടുപോയത്. വഴിമദ്ധ്യേ ആംബുലൻസിൽ വച്ചാണ് മാധവ മരിച്ചത്. ആയിഷയെ അത്യാസന്ന നിലയിൽ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നില അതീവ ഗുരുതരമായതിനാൽ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതർ നിർദ്ദേശിച്ചു. തിരികെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇവരും മരിച്ചത്.