കണ്ണൂർ: ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ ചില അവശ്യ മരുന്നുകൾക്കുണ്ടായ ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിച്ചതായി കളക്ടർ ടി.വി.സുഭാഷ് അറിയിച്ചു. ചരക്ക് ഗതാഗതത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ചില മരുന്നുകളുടെ ദൗർലഭ്യത്തിന് കാരണമായത്. അടിയന്തര പ്രാധാന്യത്തോടെ ഇക്കാര്യത്തിൽ ഇടപെടുകയും ചരക്ക് ഗതാഗതത്തിലുണ്ടായ തടസം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.

ശീതീകരണം ആവശ്യമുള്ള ഇൻസുലിൻ ഉൾപ്പെടെയുള്ള മരുന്നുകൾ രണ്ടു ദിവസത്തിനകം വിപണിയിലെത്തുമെന്നും ആളുകൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കളക്ടർ അറിയിച്ചു.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അവശ്യ മരുന്നുകൾ ആളുകൾ കൂടുതലായി വാങ്ങിവെക്കുന്നത് വിപണിയിൽ മരുന്നിന്റെ ലഭ്യതക്കുറവിന് കാരണമാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരാൾ ആവശ്യത്തിലധികം മരുന്ന് വാങ്ങി സൂക്ഷിക്കുമ്പോൾ അത്യാവശ്യമുള്ളവർക്ക് അത് തീരെ ലഭിക്കാത്ത സാഹചര്യമാണ് സൃഷ്ടിക്കുക. ഇക്കാര്യത്തിൽ മരുന്ന് വാങ്ങുന്നവരും വിൽക്കുന്നവരും അതീവജാഗ്രത പുലർത്തണമെന്നും കളക്ടർ വ്യക്തമാക്കി.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന അതിഥി തൊഴിലാളികൾക്ക് ഭക്ഷണ സാധനങ്ങൾ അടങ്ങിയ 5000 കിറ്റുകൾ തദ്ദേശ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. ഒരാൾക്ക് അഞ്ചു ദിവസത്തേക്ക് വേണ്ടുന്ന ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റാണ് വിതരണം ചെയ്യുക. കിറ്റ് വിതരണത്തിനായി വളണ്ടിയർമാരുടെ സേവനം ലഭ്യമാക്കാനും കളക്ടർ നിർദ്ദേശിച്ചു.
കളക്ടർ ടി.വി. സുഭാഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൊറോണ അവലോകന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, സബ് കളക്ടർമാരായ ആസിഫ് കെ. യൂസഫ്, എസ്.ഇലാക്യ, എ.ഡി.എം. ഇ. പി. മേഴ്‌സി, അസിസ്റ്റന്റ് കളക്ടർ ഡോ. ഹാരിസ് റഷീദ്, ഡി.എം.ഒ ഡോ. നാരായണ നായ്‌ക് തുടങ്ങിയവർ പങ്കെടുത്തു.